ബെര്‍ലിന്‍: ദക്ഷിണ ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി വശത്തേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. ട്രെയിനില്‍ നൂറിലേറെ യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. പ്രാദേശിക പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം എന്തെന്നതില്‍ വ്യക്തത വന്നിട്ടില്ല. വശത്തേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലാണ് ബോഗികളുള്ളത്.

ദക്ഷിണ ജര്‍മനിയിലെ സിഗ്മറിംഗന്‍ പട്ടണത്തില്‍നിന്ന് ഉല്‍ം നഗരത്തിലേക്ക് പുറപ്പെട്ട ട്രെയിന്‍ വനത്തിന് നടുവില്‍വെച്ചാണ് പാളംതെറ്റിയത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ അതിന് മുകളില്‍ നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജര്‍മന്‍ റെയില്‍ ഓപ്പറേറ്ററായ ഡോയിച്ചെ ബാന്‍ പറയുന്നതനുസരിച്ച്, ഇതുവരെ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റി.

അതേസമയം മണ്ണിടിച്ചിലാകാം അപകടകാരണമെന്ന നിഗമനമുണ്ട്. പ്രദേശത്ത് മുന്‍പ് കൊടുങ്കാറ്റ് വീശിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതികൂല കാലാവസ്ഥ മണ്ണിടിച്ചിലിന് കാരണമായോ എന്നും അതാണോ അപകടത്തിലേക്ക് നയിച്ചത് എന്നും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.