ടെന്നസി: ട്രെക്കിംഗിനിടെ വിഷപ്പാമ്പിനെ കയ്യിലെടുക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. ടെന്നസിയിലെ സാവേജ് ഗൾഫ് സ്റ്റേറ്റ് പാർക്കിൽ വെച്ചാണ് സംഭവം നടന്നത്. ടിംബർ റാറ്റിൽസ്നേക്ക് എന്ന അമേരിക്കയിലെ ഏറ്റവും അപകടകാരിയായ പാമ്പിനെയാണ് യുവാവ് കയ്യിലെടുത്തത്.

ട്രെക്കിംഗിനിടെ പാതയ്ക്ക് സമീപം കണ്ട പാമ്പിനെ യുവാവ് ഓമനിക്കാൻ ശ്രമിക്കുകയായിരുന്നു. പാമ്പ് യുവാവിന്റെ കയ്യിൽ കടിച്ചു. തുടർന്ന് അവശനിലയിലായ യുവാവിനെ അധികൃതർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം അരമണിക്കൂറിലേറെ ദൂരം പാർക്കിൽ സഞ്ചരിച്ചതിന് ശേഷമാണ് യുവാവ് പാമ്പിനെ കയ്യിലെടുത്തത്. സി.പി.ആർ അടക്കമുള്ള അടിയന്തര ശുശ്രൂഷകൾ നൽകിയിട്ടും യുവാവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

വിഷപ്പാമ്പുകൾ കൂടുതലായി കാണപ്പെടുന്ന മേഖലയായതിനാൽ ഇഴജന്തുക്കളെ സ്പർശിക്കാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അധികൃതർ അറിയിച്ചു. ചട്ടനൂഗയിൽ നിന്ന് 96 കിലോമീറ്റർ അകലെയുള്ള ഈ സംസ്ഥാന പാർക്കിൽ ടിംബർ റാറ്റിൽസ്നേക്കുകളുടെ സാന്നിധ്യം സാധാരണമാണ്.

മൂന്ന് മുതൽ അഞ്ച് അടി വരെ നീളമുള്ള ഇവ സാധാരണയായി പാറക്കെട്ടുകൾക്ക് സമീപമാണ് കാണപ്പെടുന്നത്. അതേസമയം, അമേരിക്കയിൽ പ്രതിവർഷം ഏകദേശം 8000 പേർക്ക് പാമ്പുകടിയേൽക്കുന്നുണ്ടെന്നും ഇതിൽ അഞ്ചോളം പേർ മരണപ്പെടുന്നതായും സെന്റർ ഫോർ ഡിസീസ് ആൻഡ് പ്രിവൻഷൻ കണക്കുകൾ വ്യക്തമാക്കുന്നു