വ്യോമാഭ്യാസപ്രകടനത്തിന് മുന്നോടിയായുള്ള പരിശീലനപ്പറക്കിലിനിടെ പോളണ്ട് സൈന്യത്തിന്റെ എഫ് 16 യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം. വ്യാഴാഴ്ച സെന്‍ട്രല്‍ പോളണ്ടിലെ റാഡമിലാണ് സംഭവം. ഈ ആഴ്ച അവസാനം നിശ്ചയിച്ചിരുന്ന ദ റാഡം എയര്‍ഷോയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയായിരുന്നു അപകടം.

അപകടം, പോളിഷ് പ്രതിരോധമന്ത്രി വ്‌ലാഡിസ്ലോ കൊസിനിയാക് കാമിസ് സ്ഥിരീകരിച്ചു. സംഭവസ്ഥലം സന്ദര്‍ശിച്ച അദ്ദേഹം പൈലറ്റിന്റെ മരണത്തിലും വ്യോമസേനയ്ക്കുണ്ടായ വലിയ നഷ്ടത്തിലും അനുശോചിക്കുകയും ചെയ്തു. വിമാനം നിയന്ത്രണംവിട്ട് തകര്‍ന്നുവീണ് അഗ്നിഗോളമായി മാറുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൊസ്‌നാനിന് സമീപത്തെ 31-ാം ടാക്ടിക്കല്‍ വ്യോമതാവളത്തില്‍നിന്നുള്ള യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. പരിസരത്തുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.

പരിഭ്രാന്തരായ കാഴ്ചക്കാര്‍ നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വിമാനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പ്രദേശമാകെ കറുത്ത പുക കൊണ്ട് മൂടിയിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. വീഴ്ചക്കിടെ പൈലറ്റ് പുറത്തേക്ക് ചാടിയതാണോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. പോളണ്ടിലെ ഉപപ്രധാനമന്ത്രി വ്ലാഡിസ്ലാവ് ഉള്‍പ്പെടെയു ഉള്ളവര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. പോളണ്ട് പ്രസിഡന്റ് കരോള്‍ നവ്റോക്കി സംഭവത്തില്‍ അതിയായ ദുഖം പ്രകടിപ്പിച്ചു.

അന്തരിച്ച പൈലറ്റിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. എയര്‍ഷോ റാഡോം 2025 എന്ന് പേരിട്ടിരുന്ന പരിപാടി റദ്ദാക്കിയിട്ടുണ്ട്. വാഴ്സോയില്‍ നിന്ന് വെറും 62 മൈല്‍ അകലെയായിട്ടാണ് റാഡോം സ്ഥിതി ചെയ്യുന്നത്.