കാഠ്മണ്ഡു: സമയപരിധിക്കുള്ളില്‍ ആശയവിനിമയ-വിവര സാങ്കേതിക മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാള്‍ ഭരണകൂടം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമ സൈറ്റുകള്‍ നിരോധിച്ചു. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രാലയം പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം, ആഗസ്റ്റ് 28 മുതല്‍ സമൂഹ മാധ്യമ കമ്പനികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഏഴു ദിവസത്തെ സമയം നല്‍കിയിരുന്നു. ബുധനാഴ്ച രാത്രി സമയപരിധി അവസാനിച്ചപ്പോഴും, മെറ്റാ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്), ആല്‍ഫബെറ്റ് (യൂട്യൂബ്), എക്‌സ് (മുമ്പ് ട്വിറ്റര്‍), റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇന്‍ എന്നിവയുള്‍പ്പെടെ വമ്പന്‍ പ്ലാറ്റ്ഫോമുകളൊന്നും അപേക്ഷ സമര്‍പ്പിച്ചില്ല. അതേസമയം ടെലഗ്രാം, ഗ്ലോബല്‍ ഡയറി എന്നിവ രജിട്രേഷനായി അപേക്ഷിച്ചിട്ടുണ്ടെന്നും അതിന്റെ അംഗീകാര പ്രക്രിയയിലാണെന്നും മന്ത്രാലയം അറിയിച്ചു.

ഫേസ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയ കമ്പനികളും നേപ്പാള്‍ സര്‍ക്കാറിന്റെ തീരുമാനത്തെക്കുറിച്ച് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. 202ലെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ ഉപയോഗം കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ പ്രകാരം നിര്‍ബന്ധമാക്കിയ രജിസ്‌ട്രേഷന്‍ പ്രക്രിയ പാലിക്കാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാനുള്ള തീരുമാനം കമ്യൂണിക്കേഷന്‍സ്-ഐ.ടി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് എടുത്തതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാത്ത സോഷ്യല്‍ മീഡിയ സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കാനും മന്ത്രാലയം നേപ്പാള്‍ ടെലികമ്യൂണിക്കേഷന്‍സ് അതോറിറ്റിയോട് നിര്‍ദേശിച്ചു.

ടിക്ടോക് അടക്കം ലിസ്റ്റ് ചെയ്ത മറ്റ് അഞ്ച് പ്ലാറ്റ്ഫോമുകളും ഈ പ്രക്രിയയിലുള്ള രണ്ടെണ്ണവും ഒഴികെ, മറ്റുള്ളവയെല്ലാം നേപ്പാളിനുള്ളില്‍ നിര്‍ജീവമാകുമെന്ന് മന്ത്രാലയ വക്താവ് ഗജേന്ദ്ര കുമാര്‍ താക്കൂര്‍ പറഞ്ഞു. എന്നാല്‍, ഏതെങ്കിലും പ്ലാറ്റ്ഫോം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ അത് അതേ ദിവസം തന്നെ വീണ്ടും തുറക്കുമെന്നും കൂട്ടിച്ചേര്‍ത്തു.


തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.