മസ്‌കത്ത്: ദോഹയിലെ ഇസ്രായേലിന്റെ ആക്രമണത്തില്‍ ഖത്തറിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒമാന്‍. സംഭവത്തില്‍ ശക്തമായി അപലപിച്ച ഒമാന്‍, മേഖലയുടെ സ്ഥിരതക്ക് ഭീഷണിയാകുന്നതും സമാധാനത്തിലേക്കുള്ള പാതയെ ദുര്‍ബലപ്പെടുത്തുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ക്രൂരമായ ആക്രമണവും 'അപകടകരമായ വര്‍ധനവുമാ'ണിത്. ഇത്തരം നടപടികള്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍ ലംഘിക്കുക മാത്രമല്ല, രാഷ്ട്രീയ കൊലപാതകങ്ങളുടെയും വഞ്ചനയുടെയും കുറ്റകൃത്യങ്ങളെ പ്രതിനിധീകരിക്കുന്നതാണെന്നും പറഞ്ഞു.

ഖത്തറിന്റെ നേതൃത്വത്തിനും സര്‍ക്കാരിനും ജനങ്ങളോടും പിന്തുണ അറിയിച്ച ഒമാന്‍, രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ സ്ഥിരമായ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. മേഖലയില്‍ കൂടുതല്‍ അസ്ഥിരത തടയുന്നതിന് ആഗോള സമൂഹം നിര്‍ണായകമായി പ്രവര്‍ത്തിക്കണമെന്നും ഒമാന്‍ ആവശ്യപ്പെട്ടു.

ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് യു.എ.ഇ. രംഗത്ത് വന്നു. ഖത്തറിന് എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നതായി യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ എക്‌സിലൂടെ അറിയിച്ചു.

അതേസമയം, ഇസ്രായേല്‍ ആക്രമണം വഞ്ചനപരമായ നടപടിയാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയന്ത്ര ഉപദേശകന്‍ ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാഷ് ആരോപിച്ചു. ഗള്‍ഫ് നാടുകളുടെ സുരക്ഷ അവിഭാജ്യകരമാണെന്നും ഖത്തറിന് യു.എ.ഇ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.