- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഠ്മണ്ഡു വിമാനത്താവളം തുറന്നു; എയര്‍ ഇന്ത്യ ആദ്യ സര്‍വീസ് നടത്തും; മലയാളി സംഘം മടങ്ങിയേക്കും
കാഠ്മണ്ഡു: നേപ്പാളില്‍ യുവജന പ്രതിഷേധത്തെത്തുടര്‍ന്ന് അടച്ച കാഠ്മണ്ഡു, ത്രിഭുവന്‍ വിമാനത്താവളം തുറന്നു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് കാഠ്മണ്ഡുവില്‍ ആദ്യ സര്‍വീസ് നടത്തുന്നത്. കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് സര്‍വീസ് നടത്തുന്നത്. വിമാനത്താവളം തുറന്നതോടെ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ളവര്‍ക്ക് തിരികെ വരാനാകും.
ജെന്‍ സി പ്രക്ഷോഭത്തില്‍ ഉലഞ്ഞ നേപ്പാളില്‍ രാഷ്ട്രീയ അനിശ്ചിതവസ്ഥ തുടരുന്നു. രാജ്യം സൈന്യത്തിന്റെ നിയന്ത്രണത്തിലായി. മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയ്ക്ക് ഭരണചുമതല നല്‍കാന്‍ ധാരണയായെന്നാണ് വിവരം. സംഘര്‍ഷങ്ങള്‍ക്കിടെ ജയില്‍ചാടി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പത്ത് വിചാരണ തടവുകാര്‍ പിടിയിലായി.
ക്രമസമാധാന നിയന്ത്രണം സൈന്യം ഏറ്റെടുത്തത് മുതല്‍ നേപ്പാളിലെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്. രാത്രി മുതല്‍ കാഠ്മണ്ഡു അടക്കമുള്ള നഗരങ്ങളില്‍ സേനാവിന്യാസം ശക്തമാക്കി. രാജിവച്ച പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും, പ്രസിഡന്റ് രാം ചന്ദ്ര പൌഡലും സൈനിക സുരക്ഷയില്‍ തന്നെ തുടരുമ്പോള്‍ താല്‍കാലിക ഭരണ സംവിധാനത്തിനുള്ള ചര്‍ച്ചകള്‍ സജീവമാണ്.
കാഠ്മണ്ഡു മേയര്‍, ബാലെന്ദ്ര ഷാ ഭരണ ചുമതല ഏറ്റെടുക്കണമെന്ന ആവശ്യമുന്നയിച്ചു ജെന്‍ സി പ്രക്ഷോഭകര്‍ രംഗത്ത് വന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനം അനുസരിച്ച്, പ്രക്ഷോഭത്തില്‍ എരിഞ്ഞമര്‍ന്ന തെരുവുകള്‍ വൃത്തിയാക്കാനും യുവാക്കള്‍ രംഗത്തിറങ്ങി.