യുനാന്‍: ചൈനയില്‍ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കര്‍ഷകനെതിരെ കേസെടുത്തു. ചൈനയിലെ യുനാന്‍ പ്രവിശ്യയിലാണ് ദാരുണമായ സംഭവമുണ്ടായത്. ആയിരക്കണക്കിന് കടന്നലുകള്‍ കൂട്ടമായി എത്തിയാണ് കുട്ടികളെ ആക്രമിച്ചത്. കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തില്‍ കടന്നലുകളെ വളര്‍ത്തിയ കര്‍ഷകനെതിരെ നരഹത്യക്ക് കേസെടുത്തു.

ഏഴ് വയസ്സുള്ള ആണ്‍കുട്ടിയും രണ്ട് വയസ്സുള്ള സഹോദരിയുമാണ് മരിച്ചത്. യുനാന്‍ പ്രവിശ്യയിലെ മുഡിങ് കൗണ്ടിയില്‍ പൈന്‍ മരങ്ങള്‍ക്കിടയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടികള്‍. മുത്തശ്ശിയും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു. ഇതിനിടയിലാണ് കൂട്ടമായി കടന്നലുകളെത്തി ആക്രമിച്ചത്.

എഴുന്നൂറിലേറെ തവണ കുത്തേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ആണ്‍കുട്ടിക്ക് മുന്നൂറോളം തവണയാണ് കുത്തേറ്റത്. കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ അടുത്ത ദിവസം മരണപ്പെട്ടു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും കുത്തേറ്റിരുന്നു. കുട്ടികളുടെ ശരീരം മുഴുവന്‍ കടന്നലുകളുടെ കുത്തേറ്റിട്ടുണ്ടെന്ന് പിതാവ് പറഞ്ഞതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മഞ്ഞക്കാലുള്ള ഏഷ്യന്‍ കടന്നലുകളാണ് കുട്ടികളെ ആക്രമിച്ചത്. സമീപത്തുണ്ടായിരുന്ന ഫാമിലെ കര്‍ഷകനാണ് കടന്നലുകളെ വളര്‍ത്തിയത്. പ്രാദേശിക വിഭവമായ ക്രിസാലുകള്‍ക്കു വേണ്ടിയാണ് കടന്നലുകളെ വളര്‍ത്തിയതെന്നാണ് ഇയാള്‍ പറയുന്നത്. കുട്ടികളുടെ കുടുംബത്തിന് 40,000 യുവാനും ഇയാള്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു.

രണ്ട് വര്‍ഷമായി ഇയാള്‍ കടന്നലുകളെ വളര്‍ത്തിവരികയായിരുന്നെങ്കിലും വിവരം വനംവകുപ്പിനെ അറിയിച്ചിരുന്നില്ല. കര്‍ഷകനെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കടന്നലുകളെയെല്ലാം വനംവകുപ്പ് നശിപ്പിക്കുകയും ചെയ്തു. മഞ്ഞക്കാലുള്ള ഏഷ്യന്‍ കടന്നലുകളെ വളര്‍ത്തുന്നതും പ്രദേശത്ത് താത്കാലികമായി നിരോധിച്ചിട്ടുണ്ട്.