കാഠ്മണ്ഡു: നേപ്പാള്‍ ഇടക്കാല പ്രധാനന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നിലപാട് വ്യക്തമാക്കി സുശീല കര്‍ക്കി. അടുത്ത ആറുമാസത്തിനകം പുതിയ തിരഞ്ഞെടുപ്പിന് രാജ്യത്തെ സജ്ജമാക്കുമെന്ന് അവര്‍ പറഞ്ഞു. തന്റെ ഭരണകൂടം ചുമതലയേറ്റത് അധികാരം രുചിക്കാനല്ല. രാജ്യത്ത് സ്ഥിരതകൊണ്ടുവരാനും നീതിക്കായുള്ള ആവശ്യങ്ങള്‍ പരിഗണിക്കാനുമാണ്.

വെള്ളിയാഴ്ച രാത്രിയാണ് 73-കാരിയായ സുശീല, നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. സാമൂഹികമാധ്യമനിരോധനത്തിനും അഴിമതിക്കുമെതിരേയുണ്ടായ ജെന്‍ സീ വിപ്ലവത്തിന് പിന്നാലെ കെ.പി. ശര്‍മ ഒലി രാജിവെച്ചതോടെയാണ് സുശീല, ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ആറുമാസത്തിലധികം താനോ തന്റെ സംഘമോ അധികാരത്തില്‍ തുടരില്ലെന്നും അവര്‍ വ്യക്തമാക്കി.

27 മണിക്കൂര്‍ നീണ്ട പ്രക്ഷോഭം നേപ്പാളില്‍ ആദ്യമായാണെന്നും സുശീല കര്‍ക്കി പറഞ്ഞു. സാമ്പത്തിക സമത്വവും അഴിമതി നിര്‍മ്മാര്‍ജനവുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. സെപ്റ്റംബര്‍ എട്ടിന് മരിച്ചവരെയെല്ലാം രക്തസാക്ഷികളായി പ്രഖ്യാപിക്കുകയും ഓരോരുത്തരുടെയും കുടുംബത്തിന് പത്തുലക്ഷം രൂപ വീതം നല്‍കുകയും ചെയ്യും. പരിക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അവര്‍ പറഞ്ഞു.