ചോങ്കിംഗ്: ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ സ്വന്തമാക്കുക എന്ന അപൂര്‍വ്വനേട്ടവുമായി ചൈന. 5.82 ബില്യണ്‍ പൗണ്ടാണ് ഇതിന്റെ നിര്‍മ്മാണ ചെലവ്. ന്യൂയോര്‍ക്കിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ സ്റ്റേഷനെ പോലും കടത്തിവെട്ടി കൊണ്ടാണ് ചൈനയിലെ ഈ സ്റ്റേഷന്‍ ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ടെര്‍മിനലാകുന്നത്. ഈ വര്‍ഷം ജൂണില്‍ തുറന്ന ട്രെയിന്‍ ഹബ്ബിന്റെ നിര്‍മ്മാണത്തിന് കോടിക്കണക്കിന് രൂപ ചിലവായി. ഓരോ മണിക്കൂറിലും ആയിരക്കണക്കിന് യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും.

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗ് നഗരത്തിന് പുറത്താണ് ഈ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. 15 പ്ലാറ്റ്‌ഫോമുകളും 29 ട്രാക്കുകളും ഉണ്ട്. പ്രതിദിനം 16,000 യാത്രക്കാര്‍ക്ക് ഇവിടെ നിന്ന് സഞ്ചരിക്കാന്‍ കഴിയും. 1.22 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ചോങ്കിംഗ് ഈസ്റ്റ് സ്റ്റേഷന്‍ ഗ്രാന്‍ഡ് സെന്‍ട്രലിന്റെ അഞ്ചിരട്ടി വലിപ്പമുള്ളതാണ്. ഇത് 170 ഫുട്ബോള്‍ പിച്ചുകള്‍ക്ക് തുല്യമാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. ചോങ്കിംഗില്‍ നിന്ന് യാത്രക്കാര്‍ക്ക് ചോങ്കിംഗ്-ഷിയാമെന്‍, ഷാങ്ഹായ് ചോങ്കിംഗ് ചെങ്ഡു, ചോങ്കിംഗ് വാന്‍ഷോ എന്നീ നഗരങ്ങളിലേക്ക് പോകാം. ഈ കണക്ഷനുകള്‍ ഉപയോഗിച്ച്, യാത്രക്കാര്‍ക്ക് ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ ബീജിംഗ്, ഷാങ്ഹായ്, ഗ്വാങ്‌ഷോ, ഷെന്‍ഷെന്‍ എന്നീ പ്രധാന നഗരങ്ങളില്‍ എത്തിച്ചേരാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

നാടിന്റെ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലാണ് സ്റ്റേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനാല്‍ വലിയ നിരകള്‍ ഹുവാങ്ജു മരങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വെന്റുകള്‍ പൂക്കള്‍ പോലെയാണ് കാണപ്പെടുന്നത്. മേല്‍ക്കൂരയില്‍ ഒരു ഗ്ലാസ് കര്‍ട്ടന്‍ ഭിത്തിയും ഉണ്ട്. കൂടുതല്‍ വായുസഞ്ചാരം ലഭിക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്.

ട്രെയിന്‍ കാത്തിരിക്കുന്ന യാത്രക്കാര്‍ക്കായി അയ്യായിരത്തോളം കസേരകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വൈഫൈ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഇവിടെ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.