ന്യൂജേഴ്‌സി: ഡോളർ ജനറൽ സ്റ്റോറിനുള്ളിൽ അതിക്രമിച്ച് കടന്ന് പരിഭ്രാന്തി സൃഷ്ടിച്ച കരടിയെ ധീരതയോടെ പുറത്താക്കിയ യുവാവിന് അഭിനന്ദന പ്രവാഹം. യു.എസ്സിലാണ് സംഭവം നടന്നത്. കടയിൽ കയറിയ കരടി അക്രമകാരിയാണെന്നും ഒരു സ്ത്രീയെയും നായയെയും ആക്രമിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. കരടി സ്റ്റോറിനുള്ളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിന്റെയും യുവാവ് അതിനെ പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഷോൺ ക്ലാർക്കിൻ എന്ന റിയൽ എസ്റ്റേറ്റ് ഏജന്റാണ് കരടിയെ സാഹസികമായി സ്റ്റോറിന് പുറത്തെത്തിച്ചത്. സസെക്സ് കൗണ്ടിയിലെ വെർനോണിലുള്ള ഡോളർ ജനറൽ സ്റ്റോറിൽ ഏകദേശം മൂന്ന് മിനിറ്റ് നീണ്ടുനിന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഷോണിന്റെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. സ്റ്റോറിനുള്ളിൽ കുടുങ്ങിയ കരടി പുറത്തിറങ്ങാൻ വഴി കണ്ടെത്താനാകാതെ പരിഭ്രാന്തനായി ചുറ്റിത്തിരിയുന്നതിനിടയിലാണ് ഷോൺ ഇടപെട്ടത്. സ്റ്റോറിന് പുറത്തേക്കുള്ള വഴിയിലേക്ക് കരടിയെ നയിച്ച് സുരക്ഷിതമായി പുറത്തെത്തിക്കാൻ ഷോണിന് സാധിച്ചു.

"ഹീറോ", "ശരിക്കും ധൈര്യമുള്ളയാൾ" എന്നിങ്ങനെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ആളുകൾ ഷോണിനെ വിശേഷിപ്പിക്കുന്നത്. സ്റ്റോറിന് പുറത്തേക്കുള്ള വാതിൽ എവിടെയാണെന്ന് അദ്ദേഹം അവിടെയുണ്ടായിരുന്നവരോട് ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം.