സിംഗപ്പൂർ: സൂപ്പർമാർക്കറ്റിൽ നിന്ന് 43,000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഇൻഫ്ലുവൻസറിന് വിചിത്രമായ ശിക്ഷ. 30 കാരിയായ ജെനി യമാഗുച്ചിക്ക് ഇലക്ട്രോണിക് ടാഗ് ധരിക്കാനും രാത്രി 10 മണിക്ക് ശേഷം പുറത്തിറങ്ങരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 25ന് ഡോൺ ഡോൺ ഡോങ്കി സൂപ്പർമാർക്കറ്റിൽ നിന്നാണ് ഇവർ സാധനങ്ങൾ മോഷ്ടിച്ചത്.

സുഹൃത്ത് ലീ സ്യൂറ്റ് കീ ചെറുമൊത്ത് സൂപ്പർമാർക്കറ്റിലെത്തിയ ജെനി, 27 സാധനങ്ങൾ എടുത്ത് ബില്ലടക്കാതെ കടന്നു കളയുകയായിരുന്നു. ബ്രാകൾ, ടോട്ട് ബാഗ്, സ്കിൻ കെയർ ഉൽപ്പന്നങ്ങൾ എന്നിവയാണ് മോഷണം പോയവയിൽ പ്രധാനപ്പെട്ടത്. സൂപ്പർമാർക്കറ്റ് ജീവനക്കാർ ഇവരെ പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ജെനിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 3ന് ജെനിയെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തെങ്കിലും ഇവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തൻ്റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ച ജെനി, ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്ന് വാക്കുനൽകി. ഇതേത്തുടർന്ന്, സെപ്റ്റംബർ 23ന് ജെനിക്ക് മൂന്ന് മാസത്തേക്ക് ഡേ റിപ്പോർട്ടിംഗ് ഓർഡർ (DRO) കോടതി അനുവദിച്ചു. ഇതിൻ്റെ ഭാഗമായാണ് ഇലക്ട്രോണിക് ടാഗ് ധരിക്കേണ്ടതും രാത്രി 10നും രാവിലെ 6നും ഇടയിൽ പുറത്തിറങ്ങാൻ അനുമതിയില്ലാത്തതും.