- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ വാഹനവ്യൂഹത്തിന് വഴിയൊരുക്കി ന്യൂയോര്‍ക്ക് പൊലീസ്; ലോകനേതാക്കള്‍ 'പെരുവഴിയില്‍'; മാക്രോണിന് പിന്നാലെ ഇത്തവണ കാഴ്ചക്കാരനായത് എര്ദോഗന്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് വഴിയൊരുക്കിയ ന്യൂയോര്‍ക്ക് പൊലീസ് ഇത്തവണ പെരുവഴിയിലാക്കിയത് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനെ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ യാത്ര തടസ്സപ്പെടുത്തിയ ന്യൂയോര്‍ക്ക് പൊലീസ് തന്നെയാണ് ട്രംപിന് വഴിയൊരുക്കാന്‍ എര്‍ദോഗനെ തടഞ്ഞിട്ടത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് സമാനമായ അനുഭവം നേരിട്ടതിനു പിന്നാലെ, ചൊവ്വാഴ്ചഎര്‍ദോഗാനും ന്യൂയോര്‍ക്ക് നഗരത്തിന്റെ തെരുവുകളില്‍ കാത്തുനില്‍ക്കേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തുനിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് എര്‍ദോഗാന്റെ വാഹനവ്യൂഹം ട്രംപിന്റെ വാഹനവ്യൂഹത്തിന് വഴിയൊരുക്കാന്‍ സുരക്ഷാ നടപടികളുടെ പേരില്‍ തടയപ്പെട്ടത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍, ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തിനു പുറത്ത് തന്റെ അംഗരക്ഷകരോടൊപ്പം തെരുവില്‍ കാത്തുനില്‍ക്കുന്ന എര്‍ദോഗാനെ വ്യക്തമായി കാണാം. വാഹനവ്യൂഹം കടന്നുപോകുന്നതിനായി പൊതുജനങ്ങളെയും കാല്‍നടയാത്രക്കാരെയും പോലീസ് നിയന്ത്രിച്ചിരുന്നു. സംഭവത്തില്‍ എര്‍ദോഗാന് അതൃപ്തിയുണ്ടായതായി സൂചനകളുണ്ട്.
ഇതിനു തലേദിവസമാണ് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന് സമാനമായ അനുഭവം ഉണ്ടായത്. ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗം കഴിഞ്ഞ് ഫ്രഞ്ച് നയതന്ത്ര കാര്യാലയത്തിലേക്ക് പോകുന്നതിനിടെയാണ് മാക്രോണിനെയും പോലീസ് തടഞ്ഞത്. ട്രംപിന്റെ വാഹനവ്യൂഹത്തിന് വഴിയൊരുക്കുക എന്നതായിരുന്നു കാരണം. സംഭവത്തെ തുടര്‍ന്ന് മാക്രോണ്‍ ട്രംപിനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 'ഞാനിപ്പോള്‍ തെരുവില്‍ കാത്തുനില്‍ക്കുകയാണ്, കാരണം നിങ്ങള്‍ക്കായി എല്ലാം സ്തംഭിപ്പിച്ചിരിക്കുകയാണ്,' എന്ന് മാക്രോണ്‍ ട്രംപിനോട് പറയുന്നതായി കേള്‍ക്കാം.
ലോക നേതാക്കള്‍ക്ക് പോലും സുരക്ഷാ കാരണങ്ങളാല്‍ യാത്രാതടസ്സം നേരിടേണ്ടി വരുന്ന ഈ സംഭവങ്ങള്‍, ന്യൂയോര്‍ക്ക് നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ വ്യാപ്തിയാണ് എടുത്തു കാണിക്കുന്നത്. മാക്രോണ്‍ സ്വയം വാഹനത്തില്‍ നിന്നിറങ്ങി, പൊലീസുകാരോട് തടസ്സത്തെക്കുറിച്ച് അന്വേഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.