മിയാമി: ഫ്‌ലോറിഡയില്‍ വാഹനാപകടത്തെ തുടര്‍ന്ന് തീപിടിച്ച ടെസ്ല കാറിനുള്ളില്‍ കുടുങ്ങിയ യുവതിക്ക് ദാരുണാന്ത്യം. യുവതിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. 24 വയസ്സുള്ള ജൂലി ഐബിന്‍ഡര്‍ ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച നോര്‍ത്ത് മിയാമി ബീച്ചില്‍ വച്ചാണ് സംഭവം.

റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഐബിന്‍ഡറുടെ ടെസ്ല കാറിനെ ഓവര്‍ടേക്ക് ചെയ്യാനെത്തിയ എസ്.യു.വി. ഇടിക്കുകയും നിയന്ത്രണം വിട്ട ടെസ്ല സമീപത്തെ തൂണില്‍ ഇടിച്ച് തീപിടിക്കുകയുമായിരുന്നു. അപകടസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ തീയണയ്ക്കാനും ഐബിന്‍ഡറെ പുറത്തെടുക്കാനും ശ്രമം നടത്തി. ഉദ്യോഗസ്ഥര്‍ ബാറ്റണ്‍ ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതും ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുന്നതും ബോഡിക്യാം ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍, അഗ്‌നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തുമ്പോഴേക്കും ടെസ്ല പൂര്‍ണമായി തീഗോളമായി മാറിയിരുന്നു. തീ അണച്ചെങ്കിലും ഐബിന്‍ഡറെ ജീവനോടെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ എസ്.യു.വി.യിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അപകട കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.