- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്യോപ്യയില്‍ മാരകമായ മാര്‍ബഗ് വൈറസ് വ്യാപിക്കുന്നു; 88 ശതമാനം മരണനിരക്കുള്ള വൈറസ് അതീവ അപകടകാരി
എത്യോപ്യയില്‍ മാരകമായ മാര്‍ബഗ് വൈറസ് വ്യാപിക്കുന്നു
അഡിസ് അബെബ: എത്യോപ്യയില്‍ മാരകമായ മാര്‍ബഗ് വൈറസ് വ്യാപിക്കുന്നു. ഒന്‍പത് പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. എത്യോപ്യയിലെ സൗത്ത് സുഡാനുമായി അതിര്‍ത്തി പങ്കിടുന്ന ഓമോ മേഖലയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തെ ലോകാരോഗ്യ സംഘടന എത്യോപ്യയില്‍ നിയോഗിച്ചിട്ടുണ്ട്. എബോളക്ക് സമാനമാണ് മാര്‍ബഗ് വൈറസും എന്നതിനാല്‍ കടുത്ത ആശങ്കയാണ്.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നേരത്തെ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ അതേ വകഭേദമാണ് എത്യോപ്യയിലും സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ വര്‍ഷം റുവാണ്ടയിലും മാര്‍ബഗ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പഴംതീനി വവ്വാലുകള്‍ കഴിഞ്ഞിരുന്ന ഗുഹയില്‍ നടത്തിയ ഖനന പ്രവര്‍ത്തനത്തിനിടെയാണ് വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതെന്ന് അന്നു കണ്ടെത്തിയിരുന്നു.
വവ്വാലുകളില്‍ നിന്നു മനുഷ്യരിലേക്കു പകരുന്ന വൈറസ്, രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെയും ശരീരദ്രവങ്ങളിലൂടെയുമാണ് പകരുന്നത്. രോഗാണുക്കളുള്ള പ്രതലങ്ങളിലൂടെയും പകരാം. അടുത്ത കാലത്ത് മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നും വൈറസ് ബാധയുണ്ടായിട്ടില്ല. 88 ശതമാനം മരണനിരക്കുള്ള മാര്‍ബഗ് വൈറസ് ബാധയ്ക്ക് നിലവില്‍ പ്രത്യേക ചികിത്സയോ വാക്‌സിനുകളോ ഇല്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത.
കടുത്ത പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. അസുഖം രൂക്ഷമാകുന്നതോടെ വയറിളക്കം, ചര്‍ദി, രക്തസ്രാവം തുടങ്ങിയവയുണ്ടാകും. 1967ല്‍ ജര്‍മനിയിലെ മാര്‍ബഗ്, ഫ്രങ്ക്ഫുര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നാണ് മാര്‍ബഗ് വൈറസ് എന്ന പേരു വന്നത്.




