ലണ്ടന്‍: വളര്‍ത്തുമൃഗങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ വീട്ടിലെ ലൈറ്റുകളും ഫാനുകളും സ്വയം പ്രവര്‍ത്തിപ്പിക്കാനുള്ള ബട്ടണ്‍ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. നായ്ക്കള്‍ക്ക് സ്വന്തം ആവശ്യാനുസരണം വീട്ടിലെ ലൈറ്റുകള്‍, ഫാനുകള്‍, കെറ്റിലുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന നൂതനമായ ബട്ടണ്‍ വികസിപ്പിച്ചത് യുകെയിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയാണ്. 'ഡോഗോസോഫി ബട്ടണ്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം വളര്‍ത്തുമൃഗങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നുവെന്നാണ് അവകാശവാദം.

ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ അനിമല്‍-കമ്പ്യൂട്ടര്‍ ഇന്ററാക്ഷന്‍ (ACI) ലാബോറട്ടറിയിലെ ഗവേഷകരാണ് വയര്‍ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ബട്ടണ്‍ വികസിപ്പിച്ചത്. നായ്ക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന നീല നിറത്തിലുള്ള പ്രസ് പാഡും, മൂക്കുകൊണ്ടോ പാദങ്ങള്‍ കൊണ്ടോ അമര്‍ത്താന്‍ സൗകര്യപ്രദമായ ടെക്‌സ്ചര്‍ ചെയ്ത പ്രതലവുമാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍. നായ്ക്കളുടെ കാഴ്ചശക്തിയും ലോകത്തെ ഗ്രഹിക്കുന്ന രീതിയും മനസ്സിലാക്കിയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

സഹായം ആവശ്യമുള്ള നായ്ക്കള്‍ക്ക് ഉടമകള്‍ക്കുവേണ്ടി ലൈറ്റുകളോ കെറ്റിലുകളോ ഓണ്‍ ചെയ്യാന്‍ ഇത് ലക്ഷ്യമിട്ടിരുന്നു. ഇത് പൊതുജനങ്ങള്‍ക്കായി വില്‍പ്പനയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ, ചൂടുള്ള ദിവസങ്ങളില്‍ ഫാന്‍ ഓണ്‍ ചെയ്യാനോ മറ്റ് സൗകര്യങ്ങള്‍ നേടാനോ നായ്ക്കള്‍ക്ക് സ്വയം ഈ ബട്ടണ്‍ ഉപയോഗിക്കാന്‍ സാധിക്കും. പ്രൊഫസര്‍ ക്ലാര മാന്‍സിനിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. 96 പൗണ്ടാണ് ഈ ബട്ടണിന്റെ വില.