- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിലെ ഉപഭോക്താക്കള്‍ക്ക് ഡ്രൈവര്‍ ഇല്ലാതെ തന്നെ പൂര്‍ണ്ണമായും സ്വയം നിയന്ത്രിക്കുന്ന കാര്‍; മിഡില്‍ ഈസ്റ്റില്‍ ഡ്രൈവറില്ലാ റോബോടാക്സിയുമായി ഊബര്‍
മിഡില്‍ ഈസ്റ്റില്‍ ഡ്രൈവറില്ലാ റോബോടാക്സി പ്രവര്‍ത്തനങ്ങള്‍ക്ക് ഊബര്‍ തുടക്കം കുറിച്ചു. വീറൈഡുമായി ചേര്‍ന്നാണ് യൂബര്‍ പുതിയ സംരംഭം ആരംഭിച്ചത്. പ്രമുഖ ഓട്ടോണമസ് വെഹിക്കിള്‍ സ്‌പെഷ്യലിസ്റ്റ് സ്ഥാപനമാണ് വീറൈഡ്. ഡ്രൈവറോ സുരക്ഷാ ഓപ്പറേറ്ററോ ഇല്ലാതെയാണ് ഇത്തരത്തില്‍ യാത്രാ സംവിധാനം ഒരുക്കിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ റോബോടാക്സി പ്രവര്‍ത്തനങ്ങളിലെ നാഴികക്കല്ലായി മാറുന്ന ഈ സംരംഭം കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പ്രഖ്യാപിച്ചത്. ഊബറും വീറൈഡും തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിക്കുകയായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം അബുദാബിയില്‍ ഔദ്യോഗികമായി ഓട്ടോണമസ് റൈഡുകള്‍ ആരംഭിച്ചു.
എന്നാല്‍ വാഹനത്തില്‍ ഒരു സുരക്ഷാ ഓപ്പറേറ്ററുടെ സാന്നിധ്യവുമുണ്ടായിരുന്നു. ആ സമയത്ത്, സൂപ്പര്‍വൈസ് ചെയ്ത റൈഡുകള്‍ 2025-ല്‍ ആസൂത്രണം ചെയ്ത യഥാര്‍ത്ഥ ഡ്രൈവറില്ലാ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 'അടിത്തറയിടുകയായിരുന്നു എന്നാണ് ഊബറും വീറൈഡും പറയുന്നത്. അബുദാബിയില്‍ വാണിജ്യ റോബോടാക്സി പ്രവര്‍ത്തനങ്ങള്‍ സുരക്ഷാ ഓപ്പറേറ്റര്‍മാരില്ലാതെ ഔദ്യോഗികമായി ആരംഭിച്ചതായി വീറൈഡും ഉബറും സ്ഥിരീകരിച്ചിരിക്കുകയാണ്. മിഡില്‍ ഈസ്റ്റില്‍ ഇതാദ്യമായിട്ടാണ് ഇത്തരം ഒരു സംരംഭം ആരംഭിക്കുന്നത്.
ഇത് പ്രകാരം അബുദാബിയിലെ ഉപഭോക്താക്കള്‍ക്ക് ഡ്രൈവര്‍ ഇല്ലാതെ തന്നെ പൂര്‍ണ്ണമായും സ്വയം നിയന്ത്രിക്കുന്ന ഒരു ഊബര്‍ എക്സ് അല്ലെങ്കില്‍ ഊബര്‍ കംഫര്‍ട്ട് റൈഡുകള്‍ തെരഞ്ഞെടുക്കാം. ഊബര്‍ ആപ്പില്‍ ഇതിനായി ഓട്ടോണമസ് ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. അങ്ങനെ അവര്‍ക്ക് ഈ ഡ്രൈവറില്ലാതെയുള്ള യാത്ര ആസ്വിക്കാം. ഇതില്‍ യാത്ര ചെയ്യുന്നതിനായി യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം യാത്രക്കായി അവര്‍ തെരഞ്ഞെടുക്കേണ്ടത് വീറൈഡിന്റൈ പ്രവര്‍ത്തന മേഖലയില്‍ ആയിരിക്കണം എന്നതാണ്. വീറൈഡ് വാഹനങ്ങള്‍ക്കായുള്ള ഫ്ലീറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.
എന്‍ഡ്-ടു-എന്‍ഡ് റൈഡര്‍ പിന്തുണയും കൈകാര്യം ചെയ്യും. വാഹനം വൃത്തിയാക്കല്‍, അറ്റകുറ്റപ്പണി, പരിശോധനകള്‍, ചാര്‍ജിംഗ്, ഡിപ്പോ മാനേജ്മെന്റ് എന്നിവ സുഗമമാക്കുന്നതിന് തവാസുല്‍ ട്രാന്‍സ്പോര്‍ട്ടിനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. വാഹന പരിശോധനയുടെ ഉത്തരവാദിത്തം വീറൈഡിനായിരിക്കും. അടുത്തതായി റോബോടാക്സി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് ദുബായിലായിരിക്കും എന്നാണ് കരുതപ്പെടുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റോബോടാക്സികള്‍ മിഡില്‍ ഈസ്റ്റില്‍ മാത്രമല്ല ചില യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.




