ബോസ്റ്റണ്‍: ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടാംപ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നുയര്‍ന്ന ജെറ്റ്ബ്ലൂ ഫ്‌ലൈറ്റ് അപ്രതീക്ഷിതമായി അടിയന്തര ലാന്‍ഡിംഗ് നടത്തിയത് യാത്രക്കാരന്റെ കഞ്ചാവ് വലിയില്‍. വിമാനത്തിലെ ശൗചാലയത്തില്‍ ഒരു യാത്രക്കാരന്‍ കഞ്ചാവ് വലിച്ചതാണ് ഇതിന് കാരണം. 200 യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള എയര്‍ബസ് വിമാനം, യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ ശൗചാലയത്തില്‍ നിന്ന് കഞ്ചാവിന്റെ രൂക്ഷഗന്ധം ക്യാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ വഴിതിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു. ഈ പുക ശ്വസിച്ചതിനെ തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതായും ഇത് വിമാനത്തിലെ അന്തരീക്ഷത്തെ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഏകദേശം 34,000 അടി ഉയരത്തില്‍ വെച്ചാണ് വിമാനത്തിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടത്. വിമാനത്തില്‍ യാത്രക്കാരന്‍ മൂലമുള്ള ഒരു സുരക്ഷാ പ്രശ്നവും, അസ്വാഭാവിക സാഹചര്യവും നിലവിലുണ്ടെന്ന് പൈലറ്റ് അറിയിച്ചു. 'ഞങ്ങളുടെ ജീവനക്കാര്‍ ആ പുക ശ്വസിച്ചു. ഇത് ഒരു സുരക്ഷാ പ്രശ്‌നമാണ്. പൈലറ്റ് നല്‍കിയ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച്, അമിതഭാരമുള്ള വിമാനം നിലത്തിറക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും സാങ്കേതികമായ ഒരുക്കങ്ങളും ആവശ്യമാണ്. ഇത് സാധാരണ ലാന്‍ഡിംഗിനെക്കാള്‍ സങ്കീര്‍ണ്ണമാണ്.

വൈകുന്നേരം 5:20-ന് ബോസ്റ്റണില്‍ നിന്ന് പുറപ്പെട്ട വിമാനം, ടാംപയിലേക്കുള്ള യാത്ര റദ്ദാക്കി ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന്, രണ്ട് മണിക്കൂറിലധികം പറന്ന ശേഷം രാത്രി 7:32-ഓടെ വിമാനം ബോസ്റ്റണില്‍ സുരക്ഷിതമായി നിലത്തിറക്കി. ഈ സംഭവം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി.