- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദി അറസ്റ്റില്‍; അഭിഭാഷകന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കവെ അറസ്റ്റ് ചെയ്ത് ഇറാനിയന്‍ സുരക്ഷാ സേന
നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദി അറസ്റ്റില്‍
ടെഹ്‌റാന്‍: 2023ലെ നൊബേല്‍ സമ്മാന ജേതാവും മാധ്യമപ്രവര്‍ത്തകയുമായ നര്‍ഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാനിയന്‍ സുരക്ഷാ സേന. ഈ മാസം ആദ്യം മരിച്ച ഒരു അഭിഭാഷകന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് അറസ്റ്റ്. ഇറാനിയന്‍ സേന ബലംപ്രയോഗിച്ച് നര്‍ഗീസ് മുഹമ്മദിയെ കസ്റ്റഡിയിലെടുക്കുക ആയിരുന്നെന്ന് അവരുടെ അനുയായികള്‍ പറയുന്നു. നര്‍ഗീസിനെ കൂടാതെ ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന നിരവധി പേരെയും ഇറാനിയന്‍ സേന കസ്റ്റഡിയിലെടുത്തു.
2024 ഡിസംബറില്‍ ജയിലില്‍ നിന്ന് താല്‍ക്കാലികമായി പുറത്തിറങ്ങിയ നര്‍ഗീസ് മുഹമ്മദി, കഴിഞ്ഞയാഴ്ച ഓഫിസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഭിഭാഷകന്‍ ഖോസ്രോ അലികോര്‍ഡിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് അറസ്റ്റിലായതെന്ന് അവരുടെ ഫൗണ്ടേഷന്‍ എക്‌സിലൂടെ അറിയിച്ചത്. നര്‍ഗീസിന്റെ അറസ്റ്റില്‍ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്.
ആരോഗ്യപരമായ കാരണങ്ങളാലാണ് ഡിസംബറില്‍ നര്‍ഗീസിനു ജയില്‍ മോചനം ലഭിച്ചത്. നര്‍ഗീസിന്റെ വലതു കാലിലെ അസ്ഥിയുടെ ഒരു ഭാഗം നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനു പിന്നാലെ നര്‍ഗീസിന്റെ ശരീരത്തില്‍ അര്‍ബുദമാണെന്ന് സംശയിക്കുന്ന ഒരു മുറിവ് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യങ്ങള്‍ മൂലമാണ് ജയില്‍ മോചിതാക്കിയത്.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ് മാധ്യമ പ്രവര്‍ത്തക കൂടിയായ നര്‍ഗീസിനെ 2023ല്‍ നൊബേല്‍ പുരസ്‌കാരത്തിനു അര്‍ഹയാക്കിയത്. സമാധാന നൊബേല്‍ ജേതാവ് ഷിറിന്‍ എബാദിയുടെ നേതൃത്വത്തിലുള്ള ഡിഫെന്‍ഡേഴ്‌സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് സെന്റര്‍ എന്ന രാജ്യാന്തര സംഘടനയുടെ വൈസ് പ്രസിഡന്റാണ് നര്‍ഗീസ്.




