ഇസ്‌ലാമാബാദ്: പാകിസ്താന്റെ പൊതുമേഖലാ വ്യോമയാന കമ്പനിയായ 'പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്'(പിഐഎ) ലേലത്തില്‍ വിറ്റു. സ്വകാര്യകമ്പനിക്കാണ് വിറ്റത്. ചൊവ്വാഴ്ച നടന്ന ലേലത്തില്‍ നിക്ഷേപക കമ്പനിയായ ആരിഫ് ഹബീബാണ് 13,500 കോടി പാകിസ്താനി രൂപയ്ക്ക്(ഏകദേശം 4317 കോടി ഇന്ത്യന്‍ രൂപ) കമ്പനി ഏറ്റെടുത്തത്. പിഐഎയുടെ 75 ശതമാനം ഓഹരിയാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ശേഷിക്കുന്ന 25 ശതമാനം ഓഹരി വാങ്ങാന്‍ വിജയിക്കുന്ന കമ്പനിക്ക് 90 ദിവസത്തെ സാവകാശമുണ്ട്.

ഇസ്‌ലാമാബാദില്‍ നടന്ന പിഐഎയെ സ്വകാര്യവത്കരിക്കുന്നതിനുള്ള അവസാനഘട്ടലേലത്തില്‍ ആരിഫ് ഹബീബിനെക്കൂടാതെ മുന്‍കൂട്ടി യോഗ്യത നേടിയ ലക്കി സിമന്റ്, സ്വകാര്യ വ്യോമയാന കമ്പനിയായ എയര്‍ബ്ലൂ എന്നീ കമ്പനികള്‍ പങ്കെടുത്തു. പിഐഎ വാങ്ങുന്നതിനായി കമ്പനികള്‍ നല്‍കിയ ടെന്‍ഡറില്‍ ആരിഫ് ഹബീബ് 11,500കോടി രൂപയും ലക്കി സിമന്റ് 10,550 കോടി രൂപയും എയര്‍ബ്ലൂ 2650 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍, അടിസ്ഥാനവില 10,000 കോടി രൂപയായി പാക് സര്‍ക്കാര്‍ നിശ്ചയിച്ചതോടെ ആരിഫ് ഹബീബും ലക്കി സിമന്റും തമ്മിലായി ലേലംവിളി.

നിക്ഷേപകന്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടെ 8000 കോടി പാക് രൂപയുടെ നിക്ഷേപം നടത്തണമെന്നും വ്യവസ്ഥയുണ്ട്. കഴിഞ്ഞ വര്‍ഷം പിഐഎയുടെ 65,400 പാക് രൂപയുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.അന്തരാഷ്ട്ര നാണയനിധിയുടെ വായ്പാ നിബന്ധനപ്രകാരമാണ് നഷ്ടത്തിലുള്ള കമ്പനിയുടെ സ്വകാര്യവത്കരണം.