കാലിഫോര്‍ണിയ: ഉപഭോക്താക്കളുടെ സംസാരം അനുവാദമില്ലാതെ റെക്കോര്‍ഡ് ചെയ്‌തെന്ന കേസില്‍ 570 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് ടെക് ഭീമനായ ഗൂഗിള്‍. ദീര്‍ഘകാല നിയമ ചെലവുകളും അസൗകര്യങ്ങളും ഒഴിവാക്കാനാണ് കമ്പനി ഒത്തു തീര്‍പ്പിന് ഒരുങ്ങുന്നത്. കമ്പനിയുടെ വോയ്സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സംഭാഷണങ്ങള്‍ അവരുടെ സമ്മതമില്ലാതെ രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും പിന്നീട് അവ പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നുമാണ് കാലിഫോര്‍ണിയയിലെ സാന്‍ ജോസ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങള്‍ ആരുടെയും അനുമതിയില്ലാതെ ഗൂഗിള്‍ അസിസ്റ്റന്റ് റെക്കോര്‍ഡ് ചെയ്‌തെന്നാണ പരാതിക്കാര്‍ ആരോപിച്ചത്. സാധാരണയായി, ഉപയോക്താവ് 'ഹേ ഗൂഗിള്‍' അല്ലെങ്കില്‍ 'ഓകെ ഗൂഗിള്‍' പോലുള്ള വാക്കുകള്‍ പറയുമ്പോഴോ ഒരു ബട്ടണ്‍ സ്വമേധയാ അമര്‍ത്തുമ്പോഴോ മാത്രമേ ഗൂഗിള്‍ അസിസ്റ്റന്റ് ഓണാകുകയുള്ളൂ. എന്നാല്‍ ഗൂഗിളിന്റെ സ്മാര്‍ട്ട്ഫോണുകള്‍, ഹോം സ്പീക്കറുകള്‍, ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, വയര്‍ലെസ് ഇയര്‍ഫോണുകള്‍ തുടങ്ങിയവ ഈ വാക്കുകള്‍ ഉപയോഗിക്കാത്തപ്പോഴും ആക്ടീവാകുന്നുണ്ടെന്ന് പരാതിക്കാര്‍ നല്‍കിയ കേസില്‍ ആരോപിക്കുന്നത്.

ഓണ്‍ലൈനില്‍ തിരയാതെ, വെറുതെ സംസാരിച്ച കാര്യങ്ങളുടെ പരസ്യങ്ങള്‍ കാണിച്ചതായി പലരും അവകാശപ്പെട്ടു. സ്വകാര്യ സംഭാഷണ ഡാറ്റ ഗൂഗിള്‍ പരസ്യദാതാക്കള്‍ക്ക് അയച്ചിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ നേരിട്ടുള്ള ലംഘനമാണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഗൂഗിള്‍ ഒരു തെറ്റും സമ്മതിച്ചിട്ടില്ല. എങ്കിലും കോടതി രേഖകള്‍ പ്രകാരം, ദീര്‍ഘകാല നിയമ ചെലവുകളും അസൗകര്യങ്ങളും ഒഴിവാക്കാന്‍ കമ്പനി 68 മില്യണ്‍ ഡോളര്‍ (ഏകദേശം 570 കോടി രൂപ) നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ജില്ലാ ജഡ്ജി ബെത്ത് ലാബ്‌സണ്‍ ഫ്രീമാനില്‍ നിന്ന് ഈ ഒത്തുതീര്‍പ്പിന് ഇതുവരെ അന്തിമ അനുമതി ലഭിച്ചിട്ടില്ല.