പാരിസ്: പുരുഷന്മാര്‍ക്കിടയില്‍ പ്രത്യേകിച്ച് ജെന്‍സി പിള്ളേര്‍ക്കിടയില്‍ സൗന്ദര്യബോധം വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നതായി പഠനറിപ്പോര്‍ട്ട്. ഒരു ദശാബ്ദത്തിനുള്ളില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരാകുന്ന പുരുഷന്മാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചുവെന്ന് കണക്കുകള്‍. പാരീസില്‍ നടന്ന കോസ്‌മെറ്റിക് മെഡിസിന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക യോഗത്തില്‍ പുറത്തിറക്കിയ ഡേറ്റ പ്രകാരം മിഡില്‍ ഈസ്റ്റിലെയും ലാറ്റിന്‍ അമേരിക്കയിലെയും ചെറുപ്പക്കാരായ പുരുഷന്മാര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ കൂടുതലായി താത്പര്യപ്പെടുന്നതായി വ്യക്തമാക്കുന്നു.

2018 നും 2024 നും ഇടയില്‍ ലോകമെമ്പാടുമുള്ള പുരുഷന്മാരില്‍ നടത്തിയ സൗന്ദര്യ ശസ്ത്രക്രിയകളുടെ എണ്ണം 95 ശതമാനം വര്‍ധിച്ചതായി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് എസ്തറ്റിക് പ്ലാസ്റ്റിക് സര്‍ജറി അറിയിക്കുന്നു.

അതേസമയം ഇന്‍ജക്ഷനുകള്‍, ലേസര്‍ തെറാപ്പി, പീലിംഗ് തുടങ്ങിയ ശസ്ത്രക്രിയേതര സൗന്ദര്യവര്‍ധക ചികിത്സകള്‍ 116 ശതമാനം വര്‍ധിച്ചു. സ്ത്രീകളുടെ കാര്യമെടുത്താല്‍ സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ 59 ശതമാനവും ചികിത്സകള്‍ 55 ശതമാനവുമാണ് വര്‍ധിച്ചത്.

മിഡില്‍ ഈസ്റ്റിലും ലാറ്റിന്‍ അമേരിക്കയിലും പ്രകടമാകുന്ന ഈ പ്രവണത സാമൂഹിക മാനദണ്ഡങ്ങളിലെ ആഴത്തിലുള്ള പരിവര്‍ത്തനത്തെയും പുരുഷന്മാര്‍ക്കിടയില്‍ സൗന്ദര്യവര്‍ധക നടപടിക്രമങ്ങളോടുള്ള വര്‍ധിച്ചുവരുന്ന സ്വീകാര്യതയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഐ.എം.സി.എ.എസ് സമ്മേളനത്തില്‍ അവതരിപ്പിച്ച വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ തലമുറകളെ അപേക്ഷിച്ച് വളരെ നേരത്തെ തന്നെ ജെന്‍ സി തലമുറയും മില്ലേനിയലുകളും കോസ്മെറ്റിക് മെഡിസിന്‍ ഉപയോഗിക്കനാന്‍ തുടങ്ങിയിട്ടുണ്ട്

പ്ലാസ്റ്റിക് സര്‍ജറിക്ക് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ളത് അമേരിക്കയിലാണ്. 2025 ല്‍ മൊത്തം സര്‍ജറികളുടെ 45 ശതമാനവും അമേരിക്കയിലായിരുന്നു. ബോട്ടോക്‌സിന് ഏറ്റവും കൂടുതല്‍ ശസ്ത്രക്രിയേതര നടപടിക്രമങ്ങള്‍ ഉള്ളതും അമേരിക്കയിലാണ്. താല്‍ക്കാലികമായി ചുളിവുകള്‍ ഇല്ലാതാക്കുന്ന പ്രക്രിയയാണിത്.

2030 ആകുമ്പോഴേക്കും യു.എസ് ജനതയുടെ ഈ പ്രവണത പ്രതിവര്‍ഷം അഞ്ച് ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഈ കാലയളവില്‍ ഏഷ്യ-പസഫിക് മേഖലയിലെ സൗന്ദര്യവര്‍ധക നടപടിക്രമങ്ങള്‍ ഏഴ് ശതമാനത്തോളം വളരുമെന്ന് വിദഗ്ധര്‍ പറയുന്നു.