നോര്‍ത്ത് ലണ്ടനിലെ സ്‌കൂളില്‍ രണ്ട് ആണ്‍കുട്ടികളെ കുത്തിയ കേസില്‍ 13 വയസ്സുള്ള മുന്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത് ഒരു മോസ്‌ക്കില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. ബ്രെന്റിലെ കിംഗ്സ്ബറി ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്ത് നടന്ന ആക്രമണത്തിന് ശേഷം 12 ഉം 13 ഉം വയസ്സുള്ള സ്‌കൂള്‍ കുട്ടികള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകശ്രമത്തിന് 13 വയസ്സുള്ള പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു.

ബ്രിട്ടീഷ് പൗരനായ കൗമാരക്കാരന്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് കത്തിയുമായി സ്‌കൂളില്‍ എത്തിയത്. ഒന്നാം നിലയിലെ ക്ലാസ് മുറിയില്‍ കയറി ഒരു വിദ്യാര്‍ത്ഥിയുടെ നേരെ ഒരു പദാര്‍ത്ഥം തളിച്ച്ിരുന്നു. പക്ഷേ അയാള്‍ക്ക് പരിക്കില്ല. പ്രതി പിന്നീട് ക്ലാസ് മുറിയില്‍ 13 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ കുത്തി. തുടര്‍ന്ന് ഒരു ഇടനാഴിയിലൂടെ ഓടി പടികളിലൂടെ താഴേക്ക് ഓടി. തുടര്‍ന്ന് താഴത്തെ നിലയിലെ 12 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ കുത്തിയിട്ട് സ്‌കൂളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ലണ്ടനിലെ കൗണ്ടര്‍ ടെററിസം പോളിസിംഗിലെ ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് ഹെലന്‍ ഫ്ലാനഗന്‍ മാധ്യമങ്ങളോട് പറഞ്ഞത് സായുധ പോലീസ് സ്‌കൂളില്‍ എത്തി, പ്രതിയെ എത്രയും വേഗം കണ്ടെത്താനും കസ്റ്റഡിയിലെടുക്കാനും ശ്രമിക്കുന്നതിനായി തെരച്ചില്‍ ആരംഭിച്ചിരുന്നു എന്നാണ്. പ്രതിയെ കണ്ടെത്താന്‍ അടിയന്തര അന്വേഷണം നടക്കുന്നതിനിടെ, ഒരു മോസ്‌ക്കില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഒരു കുട്ടിയെ കുറിച്ച് പോലീസിനെ അറിയിച്ചിരുന്നു.

തുടര്‍ന്ന് പോലീസ് എത്തി 13 വയസ്സുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടി ഇപ്പോഴും കസ്റ്റഡിയിലാണ്. പ്രതിക്ക് മോസ്‌ക്കുമായി പ്രത്യേക ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. ഗുരുതരമായ പരിക്കുകളോടെയാണ് ഇരകളായ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഇതൊരു തീവ്രവാദി ആക്രമണമാണെന്ന് പോലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. പല സാധ്യതകളും അവര്‍ തേടുന്നുണ്ട്. പ്രതി ഇപ്പോഴും കസ്റ്റഡിയിലാണ്. ക്ലാസ് മുറിയില്‍ ഇത്തരത്തില്‍ ഒരാക്രമണം ഉണ്ടായത് ഞെട്ടിപ്പിച്ചതായി വിദ്യാര്‍ത്ഥികള്‍ പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അക്രമിതന്റെ പഴയ സ്‌ക്കൂള്‍ യൂണിഫോം ധരിച്ചാണ് വന്നത്. അത് കൊണ്ടു തന്നെ ആരും ഇയാളെ സംശയിച്ചിരുന്നില്ല. സംഭവത്തിന് ശേഷം ആര്‍ക്കും സ്‌ക്കൂളിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ കഴിഞ്ഞില്ല. 11 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സേവനം നല്‍കുന്ന ഒരു അക്കാദമി സ്‌കൂളാണ് കിംഗ്സ്ബറി ഹൈസ്‌കൂള്‍. ഇവിടെ 1,997 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.