ബർലിൻ: പ്രണയ വാർഷികങ്ങൾ അവിസ്മരണീയമാക്കാൻ പലരും പല വിദ്യകളും പയറ്റാറുണ്ട്. എന്നാൽ ജർമ്മനിയിലെ ഒരു യുവാവ് പരീക്ഷിച്ച സാഹസം ഒടുവിൽ കണ്ണീരിലാണ് അവസാനിച്ചത്. കാമുകിക്കായി ഒരുക്കിയ ഒരു സർപ്രൈസ് സമ്മാനം അക്ഷരാർത്ഥത്തിൽ കാറ്റിൽ പറന്നുപോയി. ഏകദേശം 1.8 ലക്ഷം രൂപയാണ് (2000 ഡോളർ) യുവാവിന് മിനിറ്റുകൾക്കുള്ളിൽ നഷ്ടമായത്.

ഒരു പാർക്കിങ് ഏരിയയിൽ വെച്ചാണ് യുവാവ് കാമുകിക്കായി ഈ പ്രത്യേക സമ്മാനം ഒരുക്കിയത്. ചുവന്ന റിബ്ബൺ കെട്ടിയ വലിയൊരു വെള്ള ഗിഫ്റ്റ് ബോക്‌സിലായിരുന്നു സമ്മാനം. ഇതിനുള്ളിൽ തന്റെ ഒരു മാസത്തെ ശമ്പളം മുഴുവൻ നോട്ടുകളായി കോർത്തുവെച്ച ബലൂണുകൾ യുവാവ് ഒളിപ്പിച്ചു വെച്ചിരുന്നു. കാമുകി ആകാംക്ഷയോടെ ബോക്സ് തുറന്നപ്പോൾ പിങ്ക് വെളിച്ചത്തോടൊപ്പം പണം കെട്ടിവെച്ച ബലൂണുകളും പുറത്തേക്ക് വന്നു.

എന്നാൽ, ബലൂണുകളുടെ ചരട് യുവാവിന്റെയോ കാമുകിയുടെയോ കയ്യിലായിരുന്നില്ല. ബോക്സ് തുറന്നയുടൻ പണവുമായി ബലൂണുകൾ ആകാശത്തേക്ക് ഉയർന്നുപൊങ്ങി. വികാരാധീനയായ കാമുകി യുവാവിനെ കെട്ടിപ്പിടിക്കുന്നതിനിടയിൽ ബലൂൺ അവരുടെ കൈയെത്താത്ത ഉയരത്തിലെത്തി.

ബലൂൺ പറന്നുപോകുന്നത് കണ്ട യുവതി അതിന് പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല. തന്റെ കഷ്ടപ്പാടിന്റെ ഫലമായ 2000 ഡോളർ പറന്നുപോകുന്നത് കണ്ട് യുവാവ് തന്റെ കോട്ട് ഊരി എറിഞ്ഞ് ബലൂണിനെ തടുക്കാൻ നോക്കിയെങ്കിലും അപ്പോഴേക്കും അത് ഏറെ ഉയരത്തിലെത്തിയിരുന്നു. തലയിൽ കൈവെച്ച് നിരാശനായി ഇരിക്കുന്ന യുവാവിനെ വീഡിയോയിൽ കാണാം. "സർപ്രൈസ് ഒരുക്കിയ നിന്റെ ആ മനസ്സിനാണ് വില, പണം ഇനിയും ഉണ്ടാക്കാമല്ലോ" എന്ന് പറഞ്ഞ് കാമുകി ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും യുവാവിന്റെ സങ്കടം മാറിയില്ല.

പണം ഇതുപോലെ ബലൂണിൽ കെട്ടി പറത്താൻ ശ്രമിച്ചത് വിഡ്ഢിത്തമാണെന്നും, ഇത്തരം 'ഷോ'കൾ ഒഴിവാക്കണമെന്നും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. പ്രണയദിനങ്ങളിൽ സർപ്രൈസ് ഒരുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ പാഠമാണെന്നും സോഷ്യൽ മീഡിയ കുറിക്കുന്നു.