കുവൈത്ത് സിറ്റി: മേഖലയില്‍ യുദ്ധസാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കുവൈത്തിലെ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങളിലും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും അത്യാവശ്യ സാധനങ്ങളും ലഭ്യമാണെന്ന് മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും ശേഖരം നിരീക്ഷിക്കാന്‍ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് തന്ത്രപ്രധാനമായ ഭക്ഷ്യശേഖരം കൃത്യമായി വിലയിരുത്തുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ സേവനം ലഭ്യമാക്കാന്‍ എല്ലാ സഹകരണ സംഘങ്ങളും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യൂണിയന്‍ ഓഫ് കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സൊസൈറ്റീസ് അറിയിച്ചു.

വിപണിയിലെ തിരക്ക് നിയന്ത്രിക്കാനും സാധനങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കാനും സിസിടിവി ക്യാമറകള്‍ വഴി കണ്‍ട്രോള്‍ റൂമില്‍ നിന്ന് നേരിട്ട് നിരീക്ഷണം നടത്തുന്നുണ്ട്. സാധനങ്ങള്‍ പൂഴ്ത്തിവെക്കാനോ അമിതമായി വാങ്ങി ശേഖരിക്കാനോ ശ്രമിക്കരുത് എന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിലവിലെ സാഹചര്യത്തില്‍ അടുത്ത ആറുമാസത്തേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.