കൊളമ്പോ: ശ്രീലങ്കന്‍ തീരത്തിന് സമീപം ഇറാനിയന്‍ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേനയ്ക്ക് നേരെയുണ്ടായ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 84 നാവികരുടെ മൃതദേഹങ്ങള്‍ ഇറാന്‍ എംബസിക്ക് വിട്ടുനല്‍കാന്‍ ശ്രീലങ്കന്‍ കോടതി ഉത്തരവിട്ടു. മൃതദേഹങ്ങള്‍ ഇറാന്‍ എംബസിക്ക് കൈമാറാന്‍ ഗല്ലെ ചീഫ് മജിസ്‌ട്രേറ്റ് സമീറ ദൊഡംഗോഡ ആശുപത്രി ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കി. നിലവില്‍ ഗാല്ലെ നാഷണല്‍ ആശുപത്രിയിലെ രണ്ട് ഫ്രീസര്‍ കണ്ടെയ്‌നറുകളിലായാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

വിശാഖപട്ടണത്ത് സൈനികാഭ്യാസം കഴിഞ്ഞ ശേഷം മടങ്ങുകയായിരുന്നു കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 32 നാവികരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട നാവികരുടെ മൃതദേഹങ്ങള്‍ ഇറാനിലേക്ക് തിരിച്ചയക്കാന്‍ അനുയോജ്യമായ സാഹചര്യം ഉണ്ടാകുന്നത് വരെ അവ ശ്രീലങ്കയില്‍ തന്നെ സൂക്ഷിക്കുമെന്നായിരുന്നു സര്‍ക്കാര്‍ മുന്‍പ് അറിയിച്ചിരുന്നത്. ആശുപത്രി മോര്‍ച്ചറിയില്‍ ആവശ്യത്തിന് സ്ഥലസൗകര്യം ഇല്ലാത്തതിനെത്തുടര്‍ന്ന് നിലവില്‍ താല്‍ക്കാലിക മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

പരിക്കേറ്റ 32 നാവികരുടെ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഞായറാഴ്ച ആശുപത്രി അധികൃതര്‍ അവരെ വിട്ടയച്ചു. അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.