- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ ഉറക്കമുണർന്നപ്പോൾ തന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റാത്ത ഒരു കാഴ്ച; നിമിഷ നേരം കൊണ്ട് ചർമ്മം നീല നിറമായി മാറി; പിന്നിലെ കാരണം ഞെട്ടിക്കുന്നത്

ലണ്ടൻ: യുകെയിലെ 42-കാരനായ ടോമി ലിഞ്ചിന് ഉണ്ടായ വിചിത്രമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഉറക്കമുണർന്നപ്പോൾ തന്റെ ശരീരം നീല നിറമായി മാറിയത് കണ്ട് മാരകമായ എന്തോ അസുഖമാണെന്ന് കരുതി ആശുപത്രിയിലേക്ക് ഓടിയ ടോമിക്ക് ഒടുവിൽ ലഭിച്ചത് അപ്രതീക്ഷിത മറുപടിയായിരുന്നു.
രാവിലെ എഴുന്നേറ്റപ്പോൾ കൈകാലുകളും ശരീരവും അസാധാരണമാംവിധം നീലനിറമായിരിക്കുന്നത് കണ്ടാണ് ടോമി ലിഞ്ച് ഞെട്ടിയത്. ഇതിനൊപ്പം കടുത്ത ക്ഷീണം കൂടി അനുഭവപ്പെട്ടതോടെ തനിക്ക് മാരകമായ ഹൃദയരോഗമോ രക്തപ്രശ്നമോ ഉണ്ടായെന്ന് അദ്ദേഹം ഭയന്നു. ഉടൻ തന്നെ സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി.
ആശുപത്രിയിലെത്തിയ ടോമിയെ കണ്ട മെഡിക്കൽ സ്റ്റാഫുകളും ആദ്യം പകച്ചുപോയി. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുമ്പോഴാണ് സാധാരണയായി നിറം മാറ്റം ഉണ്ടാകുന്നത് എന്നതിനാൽ ഡോക്ടർമാർ അദ്ദേഹത്തിന് ഉടൻ ഓക്സിജൻ നൽകുകയും പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ ടോമിയുടെ ആരോഗ്യനിലയിൽ മറ്റ് തകരാറുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
പരിശോധനയ്ക്കിടയിൽ ഒരു ഡോക്ടർ ടോമിയുടെ ശരീരത്തിൽ ആൽക്കഹോൾ സ്വാബ് (Alcohol Swab) ഉപയോഗിച്ച് തുടച്ചപ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ച ആ സത്യം പുറത്തുവന്നത്. ഡോക്ടർ തുടച്ച ഭാഗത്തെ നീല നിറം ഉടൻ തന്നെ കോട്ടൺ പാഡിലേക്ക് പടർന്നു. ടോമിയുടെ തൊലിക്ക് നിറം മാറിയതല്ല, മറിച്ച് പുറത്തുനിന്ന് പറ്റിപ്പിടിച്ച ഏതോ ചായമാണിതെന്ന് അതോടെ വ്യക്തമായി.
കാര്യം തിരക്കിയപ്പോഴാണ് ടോമിക്ക് കാര്യം പിടികിട്ടിയത്. പുതിയതായി വാങ്ങിയ നേവി ബ്ലൂ ബെഡ്ഷീറ്റായിരുന്നു എല്ലാത്തിനും കാരണം. സുഹൃത്ത് സമ്മാനിച്ച ഈ ബെഡ്ഷീറ്റ് കഴുകാതെയാണ് ടോമി ഉപയോഗിച്ചത്. രണ്ടു രാത്രികൾ അതിൽ കിടന്നുറങ്ങിയപ്പോൾ ബെഡ്ഷീറ്റിലെ കടുത്ത ചായം ടോമിയുടെ വിയർപ്പിലൂടെ ശരീരത്തിലേക്ക് ആഴത്തിൽ പറ്റിപ്പിടിക്കുകയായിരുന്നു.
താൻ 'അവതാർ' സിനിമയിലെ കഥാപാത്രത്തെപ്പോലെയായെന്ന് ടോമി തന്നെ തമാശയായി പിന്നീട് പറഞ്ഞു. ആരോഗ്യവാനായ ഒരു 'നീല മനുഷ്യനെ' ആദ്യമായാണ് കാണുന്നതെന്ന് പറഞ്ഞ് ഡോക്ടർമാരും ചിരിച്ചു. ആഴ്ചകളോളം കുളിച്ച ശേഷമാണ് ശരീരത്തിലെ ഈ നീല നിറം പൂർണ്ണമായും മാഞ്ഞുപോയത്. പുതിയ തുണിത്തരങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് കഴുകണമെന്ന വലിയ പാഠമാണ് ഈ അനുഭവം ടോമിക്ക് നൽകിയത്.


