- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രത്ത് അനലൈസര്‍ പരിശോധനയില്‍ പിടിയിലായി; മദ്യപിച്ച് വാഹനമോടിച്ചതിന് ഓസീസ് സൂപ്പര്‍താരം ഡേവിഡ് വാര്‍ണര്‍ അറസ്റ്റില്‍

സിഡ്നി: മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണറും ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാര്‍ണര്‍ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റില്‍. സിഡ്നിയിലെ മരൂബ്രയില്‍ ഞായറാഴ്ച വൈകുന്നേരമാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ താരം മടങ്ങിയെങ്കിലും മെയ് മാസത്തില്‍ ഓസ്ട്രേലിയയിലെ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വരും.
ന്യൂ സൗത്ത് വെയില്‍സ് പോലീസ് നല്‍കുന്ന വിവരമനുസരിച്ച്, ഞായറാഴ്ച വൈകുന്നേരം 5:30-ഓടെ മരൂബ്രയിലെ മലാബാര്‍ റോഡില്‍ പോലീസ് വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്നു. പരിശോധന നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തെത്തിയപ്പോള്‍ വാര്‍ണര്‍ തന്റെ വാന്‍ പെട്ടെന്ന് നിര്‍ത്തുകയും പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. വാഹനപരിശോധന ഒഴിവാക്കാന്‍ താരം വാന്‍ ഒതുക്കി നിര്‍ത്താന്‍ ശ്രമിച്ചതാണ് പോലീസിന്റെ സംശയം വര്‍ദ്ധിപ്പിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഹൈവേ പട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ വാര്‍ണറുടെ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് താരം അമിതമായി മദ്യപിച്ചതായി കണ്ടെത്തിയത്. അനുവദനീയമായ പരിധിയേക്കാള്‍ ഇരട്ടിയിലധികം മദ്യം താരത്തിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഉടന്‍ തന്നെ 39-കാരനായ വാര്‍ണറെ പോലീസ് കസ്റ്റഡിയിലെടുത്ത് മരൂബ്ര പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചെങ്കിലും മെയ് മാസത്തില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2024-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാര്‍ണര്‍ നിലവില്‍ കമന്റേറ്റര്‍ വേഷത്തിലും ആഗോള ടി20 ലീഗുകളിലും സജീവമാണ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ താരം ഓസ്ട്രേലിയ വിട്ടെങ്കിലും നിയമനടപടികള്‍ നേരിടാന്‍ താരം തിരിച്ചെത്തേണ്ടി വരും.
2024 ജനുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് തൊട്ടുമുന്‍പാണ് വാര്‍ണര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിച്ചത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാകിസ്ഥാനെതിരെയായിരുന്നു വാര്‍ണറുടെ വിടവാങ്ങല്‍ ടെസ്റ്റ്.


