ലണ്ടന്‍: യു കെയിലെക്ക് വരുന്ന ഒരു അഫ്ഗാന്‍ ഗുണ്ടാത്തലവന്‍ ടിക്ടോകിലൂടെ തന്നെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണെന്നും, തന്റെ ജീവിതം അപകടത്തിലാണെന്നും റിഫോം യു കെ നേതാവ് കോടതിയില്‍ പറഞ്ഞു. ടിക്ടോക്കില്‍ നിരവധി ഫോളോവേഴ്സ് ഉള്ള ഫയാസ് ഖാന്‍ എന്ന ഇങ്‌ലുവന്‍സര്‍ ആണ് ഫരാജിന്റെ കുടിയേറ്റത്തെ കുറിച്ചുള്ള ഒരു പരാമര്‍ശത്തോട് കുപിതനായി പ്രതികരിച്ചിരിക്കുന്നത്. ഫരാജിനെതിരെ ഇട്ട നിരവധി പോസ്റ്റുകളില്‍ ഒന്നില്‍, താന്‍ യു കെയിലേക്ക് വരികയാണെന്ന് പറഞ്ഞതോടെയാണ് ഇപ്പോള്‍ സംരക്ഷണം തേടി ഫരാജ്ക് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇടതു കവിളില്‍ ഒരു എ കെ 47 പച്ചകുത്തിയ ഇയാള്‍ ഒരു വീഡിയോയില്‍ തോക്കുമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇയാള്‍ യു കെയില്‍ എത്തുന്നത് രാജ്യത്തിന് ആപത്താണെന്നും ഫരാജ് കോടതിയെ ബോധിപ്പിച്ചു. അതിനു പിന്നാലെ, തന്നോട് സംസാരിക്കരുതെന്ന് ഫരാജിനോട് ആവശ്യപ്പെട്ടുകൊണ്ട് ഫയാസ് ഖാന്‍ ഇറക്കിയ വീഡിയോയില്‍, ഫരാജിന്റെ സഹോദരിയെ വിവാഹം കഴിക്കണമെന്നും അയാള്‍ പറയുന്നുണ്ട്. എന്നാല്‍, വധഭീഷണി മുഴക്കി എന്ന ആരോപണം ഫയാസ് ഖാന്‍ നിഷേധിക്കുന്നുണ്ട്.