- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുവപ്പണിഞ്ഞ് നോര്‍വെ; പൊതുതെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് വിജയം; ജോനാസ് ഗഹര്‍ സ്റ്റോറിന്റെ നേതൃത്വത്തിലുള്ള ഇടതു സഖ്യം നേടിയത് 89 സീറ്റുകള്‍
ചുവപ്പണിഞ്ഞ് നോര്‍വെ; പൊതുതെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് വിജയം
ഓസ്ലോ: നോര്‍വേ പൊതുതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഖ്യത്തിന് വീണ്ടും ജയം. പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോറിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യം 169 സീറ്റുകളില്‍ 89 സീറ്റുകളില്‍ ഭൂരിപക്ഷം നേടി. വലതുപക്ഷ കൂട്ടായ്മയ്ക്ക് 80 സീറ്റുകളാണ് ലഭിച്ചത്. തിങ്കളാഴ്ച വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത ജോനാസ് ഗഹര്‍ സ്റ്റോര്‍ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു. വലതുപക്ഷ പാര്‍ട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ പോലും യൂറോപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയുമെന്ന് വിജയം തെളിയിച്ചതായും സ്റ്റോര്‍ പറഞ്ഞു.
ആഭ്യന്തര വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാന കക്ഷികള്‍ ഇക്കുറി രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. 1892 മുതല്‍ നോര്‍വീജിയന്‍ നയത്തിന്റെ ഭാഗമായി രാജ്യത്തെ ധനികരില്‍ നിന്ന് ഈടാക്കുന്ന നികുതിയും, യുക്രെയ്ന്‍ യുദ്ധവും യു.എസ് സാമ്പത്തിക നയങ്ങളും തെരഞ്ഞെടുപ്പ് കാലത്ത് സജീവ ചര്‍ച്ചയായി.
അവസാന ഫലങ്ങള്‍ വരുമ്പോള്‍ തീവ്ര കുടിയേറ്റ വിരുദ്ധ നിലപാടും നികുതി നിയന്ത്രണങ്ങളും ഉയര്‍ത്തിക്കാട്ടിയ സില്‍വി ലിസ്റ്റോഗിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രസ് പാര്‍ട്ടി യുവാക്കള്‍ക്കിടയില്‍ വലിയ പിന്തുണ നേടി. മുന്‍തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് ഇരട്ടിയോളം ഉയര്‍ത്തിയ പ്രോഗ്രസ് പാര്‍ട്ടി ഇക്കുറി 24 ശതമാനം വോട്ടുമായി മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായി. സമൂഹമാധ്യമങ്ങളിലൂടെയടക്കം പ്രചാരണം ശക്തമാക്കിയായിരുന്നു പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
മുന്‍ പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ടു. 20 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 14.6 ശതമാനം വോട്ടാണ് നേടാനായത്. നികുതി കുറക്കുന്നതടക്കം പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പില്‍ കാര്യമായ ഗുണം ചെയ്തില്ലെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.