മാഞ്ചസ്റ്റര്‍: പാകിസ്ഥാന്‍ വംശജരായ സഹോദരങ്ങള്‍ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നടത്തിയ ക്രൂരതകളുടെ കൂടുതല്‍ കഥകള്‍ പുറത്തു വന്നു. മുഖത്ത് ഇടിയേറ്റ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മൂക്കില്‍ നിന്നും ചോരയൊലിക്കുന്ന ദൃശ്യം ഇന്നലെ വിചാരണക്കോടതിയില്‍ കാണിച്ചു. ആക്രമണത്തില്‍ താന്‍ തീര്‍ത്തും ഭയന്ന് പോയതായി വനിത കോണ്‍സ്റ്റബിള്‍ ലിഡിയ വാര്‍ഡ് പറഞ്ഞു. ടെര്‍മിനല്‍ 2 ല്‍ മൊഹമ്മദ് ഫഹീര്‍ അമാസിനെ അറസ്റ്റ് ചെയ്യാന്‍ പോയ മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു അവര്‍. കഴിഞ്ഞ ജൂലായില്‍ ആയിരുന്നു സംഭവം നടന്നത്.

പോലീസുകാര്‍ ശരീരത്തില്‍ അണിഞ്ഞിരുന്ന ക്യാമറകള്‍ പകര്‍ത്തിയ കൂടുതല്‍ ദൃശ്യങ്ങള്‍, വിചാരണ നടക്കുന്ന ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ ഇന്നലെ കാണിച്ചു. താന്‍ നിരായുധയായിരുന്നു എന്നും, സായുധ പോലീസ് ഉദ്യോഗസ്ഥനായ സക്കറി മാഴ്സ്ഡണീനും, എല്ലി കുക്കിനുമൊപ്പമാണ് അമാസിനെ അറസ്റ്റ് ചെയ്യാനായി കാര്‍ പാര്‍ക്കിംഗ് പേയ്‌മെന്റ് ഏരിയയില്‍ പോയതെന്നും ലിഡിയ കോടതിയില്‍ പറഞ്ഞു. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞതിനു ശേഷമായിരുന്നു അറസ്റ്റ് ചെയ്യാന്‍ പോയത്.

അമാസിന്റെ സഹായത്തിനെത്തിയ സഹോദരന്‍ മുഹമ്മദ് അമാദിനെ കീഴ്പ്പെടുത്താന്‍, മാഴ്ശ്ഡണ്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അമാസ് തന്നെ സഹപ്രവര്‍ത്തകരില്‍ നിന്നും ദൂരേക്ക് വലിച്ചിഴച്ചതെന്നും ലിഡിയ പറഞ്ഞു. പിസി മാഴ്സ്‌ഡെന്‍, പി സി വാര്‍ഡ് എന്നിവരെ ആക്രമിക്കുകയും ശരീരത്തില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്ത കുറ്റമാണ് അമാസിന് മേല്‍ ചുമത്തിയിട്ടുള്ളത്. അതിനോടൊപ്പം തന്നെ പി സി കുക്കിനെയും അതിനു മുന്‍പായി സ്റ്റാര്‍ബക്കില്‍ വെച്ച് അബ്ദുള്‍ കരീം ഇസ്മയില്‍ എന്ന യാത്രക്കാരനെ ആക്രമിക്കുകയും ചെയ്ത കുറ്റവും ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. പി സി മാഴ്സ്‌ഡെനിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കുറ്റമാണ് അമാദിനു മേല്‍ ചുമത്തിയിരിക്കുന്നത്. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ റോച്ച്‌ഡെയ്ലില്‍ താമസിക്കുന്ന ഇരുവരും കുറ്റം നിഷേധിച്ചിട്ടുണ്ട്.