ലണ്ടന്‍: ലണ്ടനിലെ ഒരു സ്മാരകത്തില്‍, ഹമാസ് ഭീകരര്‍ ബന്ധികളാക്കിയ ഇസ്രയേലികളുടെ ഓര്‍മ്മായ്ക്കായി കെട്ടിയ മഞ്ഞ റിബണുകള്‍ മുറിച്ചു കളഞ്ഞ യുവതി പിടിയിലായി. ഒരു പലസ്തീനിയന്‍ നടന്റെ ഭാര്യയായ ഇവര്‍ ഒരു പി എച്ച് ഡി വിദ്യാര്‍ത്ഥിനി കൂടിയാണ്. വടക്കന്‍ ലണ്ടനില്‍ താമസിക്കുന്ന നദിയ യഹോം എന്ന യുവതി, കത്രിക ഉപയോഗിച്ചാണ് 2023 ഒക്ടോബര്‍ 7 ന് ഹമാസ് ഭീകരര്‍ തടവിലാക്കിയ 251 ബന്ധികളുടെ സ്മരണാര്‍ത്ഥം യഹൂദവംശജര്‍ കെട്ടിയ റിബണുകള്‍ മുറിച്ചു മാറ്റിയത്. ഭീകരാക്രമണത്തിന്റെ സ്മരണ ദിവസത്തിന്റെ തലേന്ന് രാത്രി കെട്ടിയ റിബണുകള്‍, വംശഹത്യയെ ന്യായീകരിക്കുന്നു എന്നാണ് യാഹോം പറയുന്നത്.

ഇസ്രയേലില്‍ അതിക്രമിച്ചു കയറിയ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ബന്ധികളെ മോചിപ്പിക്കുന്നതിനുള്ള പ്രചാരണങ്ങളുടെ അടയാളമാണ് മഞ്ഞ റിബണുകള്‍. പ്രേതബാധയേയും, പ്രകൃത്യാതീത ശക്തികളെ കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന ഒരു കലാകാരി കൂടിയാണിവര്‍. കേംബ്രിഡ്ജിലും, ഗോള്‍ഡ്‌സ്മിത്ത്‌സിലും പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ ഇപ്പോള്‍ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ്മിനിസ്റ്ററില്‍ പി എച്ച് ഡി ചെയ്യുകയാണ്. പലസ്തീന്‍ നടനും സിനിമാ സംവിധായകനുമായ ഇവരുടെ ഭര്‍ത്താവ് 2011 ല്‍ ആണ് വെസ്റ്റ്ബാങ്കില്‍ നിന്നും യു കെയില്‍ എത്തുന്നത്.

യഹോമിന്റെ പ്രവൃത്തിയില്‍ രോഷാകുലരായ പ്രദേശവാസികള്‍ ഇന്നലെ രാവിലെ തന്നെ മുസ്വെല്‍ ഹില്ലിലെ, ഫോര്‍ട്ടിസ് ഗ്രീന്‍ റോഡില്‍ പോക്കറ്റ് പാര്‍ക്കിന് പുറത്തു വെച്ച് ഇവരെ തടഞ്ഞു. പിന്നീട് പ്രദേശവാസികള്‍ തന്നെ സ്മാരകത്തില്‍ വീണ്ടും മഞ്ഞ റിബണുകള്‍ ചാര്‍ത്തി. ഭീകരര്‍ തട്ടിക്കൊണ്ടു പോയ എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നതാണ് ആ റിബണുകള്‍ എന്ന് അവര്‍ പറയുന്നു. മാത്രമല്ല, യഹോം പ്രദര്‍ശിപ്പിച്ചത് കടുത്ത യഹൂദവിരുദ്ധതയാണെന്നും അവര്‍ ആരോപിക്കുന്നു.