- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിസ് മാർപാപ്പ ബെൽജിയം സന്ദർശനത്തിനായി ഇന്ന് പുറപ്പെടും; ഗ്രാൻ ഡ്യൂക്ക് ഹെൻറിയുമായി കൂടിക്കാഴ്ച നടത്തും
വത്തിക്കാൻ: യൂറോപ്യൻ രാജ്യങ്ങളായ ലക്സംബർഗ്, ബെൽജിയം സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇന്നു യാത്ര പുറപ്പെടും. റോമിൽനിന്ന് ആദ്യം ലക്സംബർഗിലേക്കാണു പുറപ്പെടുക. വിമാനത്താവളത്തിൽ സ്വീകരണച്ചടങ്ങ്, തുടർന്ന് കൊട്ടാരത്തിൽ ലക്സംബർഗിന്റെ നേതാവ് ഗ്രാൻ ഡ്യൂക്ക് ഹെൻറിയുമായുള്ള കൂടിക്കാഴ്ച, പ്രധാനമന്ത്രി ലുക് ഫ്രിദെനുമായുള്ള കൂടിക്കാഴ്ച, ഭരണാധികാരികളും പൗരസമൂഹ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച എന്നിവ നടക്കുമെന്നും അറിയിച്ചിട്ടുണ്ട്. വൈകുന്നേരം ലക്സംബർഗിലെ നൊത്രെദാം കത്തീഡ്രലിൽ പ്രാദേശിക കത്തോലിക്കാസമൂഹത്തെ സംബോധന ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ശേഷം മാർപാപ്പ ബൽജിയം തലസ്ഥാനമായ ബ്രസൽസിലേക്കു പോകും. വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങു മാത്രമാണ് അന്നു മാർപാപ്പയുടെ ബ്രസൽസ് സന്ദർശന വേളയിൽ കാണുക. 27ന് ബെൽജിയം രാജാവ് ഫിലിപ്പ്, പ്രധാനമന്ത്രി അലക്സാണ്ടർ ദെ ക്രൂ എന്നിവരുമായും ഭരണാധികാരികളും പൗരസമൂഹ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
തുടർന്ന് ശനിയാഴ്ച മാർപാപ്പ ലുവെയ്ൻ നഗരത്തിലേക്കു പോകും. മെത്രാന്മാർ, വൈദികർ, സമർപ്പിതർ, വൈദികാർഥികൾ, അജപാലനപ്രവർത്തകർ എന്നിവരുമായുള്ള കൂടിക്കാഴ്ച, ലുവെയ്ൻ കത്തോലിക്ക സർവകലാശാല വിദ്യാർഥികളുമായും അധ്യാപകരുമായുള്ള കൂടിക്കാഴ്ച, ഈശോസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ച എന്നിവയായിരിക്കും അന്നത്തെ പരിപാടി. തുടർന്ന് ഞായറാഴ്ച ബ്രസൽസിലെ കിംഗ് ബൗദൊവിൻ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ശേഷം അന്ന് തന്നെ ഉച്ചകഴിഞ്ഞ് മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങും.