ബെല്‍ഫാസ്റ്റ്: നിരത്തിലൂടെ ഒറ്റക്ക് സഞ്ചരിക്കുകയായിരുന്ന ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വലിച്ചിഴച്ച് ഒരു ഗാരേജില്‍ കയറ്റി മൂന്ന് പേര്‍ ലൈംഗികമായി പീഢിപ്പിച്ചതായി കോടതി വിചാരണക്കിടെ വെളിപ്പെടുത്തി. ഈ ലൈംഗികാതിക്രമം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മൂന്ന് ദിവസങ്ങളോളം നീണ്ട കലാപത്തിന് വഴിയൊരുക്കിയിരുന്നു. 14 കാരനായ ഒരു റൊമേനിയന്‍ ബാലനാണ് മുഖ്യ പ്രതി. നിയമപരമായ കാരണങ്ങളാല്‍ ഇയാളുടെ പേര് വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ല.

ബലാത്സംഗം ചെയ്ത രണ്ടുപേരെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 7 ന് ആയിരുന്നു സംഭവം നടന്നത്. മൂന്നാമത്തെയാള്‍ റൊമേനിയയിലേക്ക് തിരിച്ചു പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അറസ്റ്റിലായ രണ്ട് പ്രതികളും ഇപ്പോള്‍ റിമാന്‍ഡിലാണ്. അറസ്റ്റിലായ പ്രതികളെ ബാല്ലിമെന കോടതിയില്‍ ഹാജരാക്കിയ ജൂണ്‍ 9 ന് ആയിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ പല റൊമേനിയന്‍ കുടുംബങ്ങള്‍ക്കും ക്ലോണാവോണ്‍ ടെറസ്സിലെ വീടുകള്‍ വിട്ട് പലായനം ചെയ്യേണ്ടതായി വന്നു.

ഇപ്പോള്‍ അറസ്റ്റിലായ രണ്ടു പേര്‍ ബലം പ്രയോഗിച്ച് പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചപ്പോള്‍, ഇപ്പോഴും ഒളിവിലുള്ള പ്രതിയാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് കോടതിയെ അറിയിച്ചു. പത്ത് മിനിറ്റോളം നേരം പെണ്‍കുട്ടിയെ പീഢനവിധേയയാക്കിയ ശേഷം, ഗാരേജിന് പുറത്ത് ഒരു പുരുഷ ശബ്ദം കേട്ടതിനെ തുടര്‍ന്ന് പ്രതികള്‍ ഓടിപ്പോവുകയായിരുന്നു എന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് അവിടെ നിന്നും രക്ഷപ്പെടാനായത്.