ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ പ്രതികാര നടപടികള്‍ ശക്തമാക്കുകയാണ് അവിടത്തെ സര്‍ക്കാര്‍. ഇതിനിടെ ഹസീനക്ക് തിരിച്ചടിയായി കോടതി ഉത്തരവും വന്നു. അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ധാക്ക കോടതി ഉത്തരവിട്ടു. ധന്‍മോണ്ടിയിലുള്ള 'സുദാസധന്‍' എന്ന വസസിയും ഹസീനയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ചില വസ്തുക്കളുമാണ് കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇവരെല്ലാം ഇന്ത്യയില്‍ കഴിയുന്നവരാണ്. ഹസീനയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 124 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടു.

ധാക്ക മെട്രോപൊളിറ്റന്‍ കോടതി സീനിയര്‍ സ്‌പെഷ്യല്‍ ജഡ്ജ് സക്കീര്‍ ഹൊസൈന്‍ ഗാലിബാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആന്റി കറപ്ഷന്‍ കമീഷന്റെ അപേക്ഷയെത്തുടര്‍ന്നാണ് നടപടി. ഷെയ്ഖ് ഹസീനയുടെ ഭര്‍ത്താവ് വസീദ് മിയയുടെ പേരില്‍ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള വസതിയാണ് സുദാസധന്‍. ഹസീനയുടെ മക്കളായ സജീവ് വസേദ് ജോയ്, സൈമ വസേദ് പുതൂല്‍, സഹോദരി ഷെയ്ഖ് രെഹാന, രെഹാനയുടെ മക്കളായ ടുലിപ് സിദ്ദിഖി, റദ്വാന്‍ മുജീബ് സിദ്ദിഖി എന്നിവരുടെ പേരിലുള്ള വസ്തുവകകളും കണ്ടുകെട്ടാന്‍ ഉത്തരവുണ്ട്.

സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ ആരോപണങ്ങള്‍ ഷെയ്ഖ് ഹസീന നടത്തുന്നതിനെതിരെ ബംഗ്ലാദേശ് വിദേശ കാര്യ മന്ത്രാലയം ഇന്ത്യയോട് പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ ബംഗ്ലാദേശിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ക്ക് നല്‍കിയ കത്തില്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയിലിരുന്നുകൊണ്ട് ഹസീന നടത്തുന്ന ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ രാജ്യം മുന്‍കൈയെടുക്കണമെന്നും ബംഗ്ലാദേശ് അറിയിച്ചിരുന്നു.

2024 ആഗസ്ത് 5നാണ് ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തെത്തുടര്‍ന്ന് ഹസീന രാജിവയ്ക്കുകയും ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.