സിംഗപ്പൂര്‍: ഭീകരാക്രമണ സാധ്യത ഉള്ളതിനാല്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് സിംഗപ്പൂര്‍ മന്ത്രി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദണ്ഡായുധപാണി ക്ഷേത്രത്തില്‍ തൈപ്പൂയ ഉത്സവം ആഘോഷത്തിനിടെ മാധ്യമങ്ങളോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഭീകരപ്രവര്‍ത്തനം ആസൂത്രണം ചെയ്തതിന്റെ പേരില്‍ അടുത്തിടെ ഒരു കൗമാരക്കാരനും വീട്ടമ്മയും ശുചീകരണ തൊഴിലാളിയും പിടിയിലായതിന്റെ പശ്ചാത്തലത്തിലാണു മുന്നറിയിപ്പ്.

ചൈന മലയ വിഭാഗക്കാര്‍ക്കിടയില്‍ വംശീയ യുദ്ധം വേണമെന്ന് ആഹ്വാനം ചെയ്ത പതിനെട്ടുകാരനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ 2019 ല്‍ 2 മുസ്ലിം പള്ളികളില്‍ 51 പേരെ വെടിവച്ചുകൊന്ന ഭീകരന്‍ ബ്രന്റന്‍ ടറാന്റ് ആണു തന്റെ മാതൃകയെന്നും യുവാവ് പ്രഖ്യാപിച്ചിരുന്നു.

സിംഗപ്പൂരിലെ മുസ്‌ലിം പള്ളികളില്‍ ആക്രമണം നടത്തണമെന്നും ആഹ്വാനം ചെയ്തിരുന്നു. വീട്ടമ്മയും ശുചീകരണ തൊഴിലാളിയും ഇസ്‌ലാമിക ഭീകരസംഘടനകളെയാണു പിന്തുണച്ചത്. ശുചീകരണ തൊഴിലാളിയെ കഴിഞ്ഞ നവംബറില്‍ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ നാടായ മലേഷ്യയിലേക്ക് നാടുകടത്തുകയും ചെയ്തു.