ലണ്ടന്‍: ശാന്തനും, ജനപ്രിയനുമായ ഒരു സംഗീതജ്ഞനെ 14 വയസ്സുള്ള പെണ്‍കുട്ടി കുത്തിക്കൊന്നു. എപ്പോഴും കൈയില്‍ കത്തിയുമായി നടക്കുന്ന സ്വഭാവമായിരുന്നു പെണ്‍കുട്ടിക്കെന്ന് പ്രേതവിചാരണയില്‍ വെളിപ്പെടുത്തി. 2020 ല്‍ പടിഞ്ഞാറന്‍ സസ്സക്സിലെ ക്രോളിയില്‍ വെച്ചാണ് നിംറോയ് ഹെന്‍ഡ്രിക്സ് എന്ന ഗായകന്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ നെഞ്ചിലായിരുന്നു കുത്തേറ്റത്. ക്രിമിനല്‍ പശ്ചാത്തലമുള്ള കൗമാരക്കാരിയെ അറസ്റ്റ് ചെയ്തു. വളരെ ഗുരുതരമായ ചില മാനസിക പ്രശ്നങ്ങള്‍ ബാധിച്ച കുട്ടിയാണ് ഈ 14 കാരി എന്നാണ് കണ്ടെത്തിയത്.

2022 ല്‍, ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതി ഈ പെണ്‍കുട്ടി കുറ്റക്കാരിയാണെന്ന് കണ്ടെത്തി ഒന്‍പത് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. അതില്‍ അഞ്ചു വര്‍ഷം ജയിലിലും പിന്നീടുള്ള നാല് വര്‍ഷം എക്സ്റ്റന്‍ഡഡ് ലൈസന്‍സിലും ആയിരിക്കും. ഈ പെണ്‍കുട്ടിക്ക് അക്രമാസക്തമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ചരിത്രമുണ്ടെന്നും, മാനസിക തകരാറുകള്‍ ഉണ്ടെന്നും ഇന്‍ക്വെസ്റ്റില്‍ കണ്ടെത്തി. കൊലപാതകം നടക്കുന്നതിന് അല്പം മുന്‍പ് കുട്ടി വീടില്‍ നിന്നും അപ്രത്യക്ഷയായിരുന്നു. അത്യന്തം അപകടകാരിയെന്നും, കത്തിയുമായി നടക്കുന്ന വ്യക്തിയെന്നും പോലീസ് അന്നു തന്നെ പ്രഖ്യാപിച്ചിരുന്നു.

നിം എന്ന് വിളിക്കപ്പെടുന്ന നിംറോയ്ക്ക് ഈ പെണ്‍കുട്ടിയുടെ അമ്മയുമായി പരിചയമുണ്ടായിരുന്നു. 2020 ഒക്ടോബര്‍ 27 ന് ഇയാള്‍, പെണ്‍കുട്ടിയും അമ്മയും താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ അവിടെയാകെ അലങ്കോലമായി കിടക്കുന്നതാണ് കണ്ടത്. കിടപ്പുമുറിയില്‍ പെണ്‍കുട്ടിയെ കണ്ട ഇയാള്‍ ആ കുട്ടിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നീട് അവിടെ നിന്നും ഇറങ്ങിപ്പോകാന്‍ തുടങ്ങുമ്പോഴായിരുന്നു പെണ്‍കുട്ടി ഇയാളെ കുത്തിയത്.