- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീര്‍ സ്റ്റര്‍മാര്‍ക്ക് എതിരെ മാഞ്ചസ്റ്റര്‍ മേയറെ രംഗത്തിറക്കാന്‍ എംപിയുടെ രാജി; റിഫോം പേടിയില്‍ കണ്‍സര്‍വേറ്റീവുകള്‍
കീര്‍ സ്റ്റര്‍മാര്‍ക്ക് എതിരെ മാഞ്ചസ്റ്റര്‍ മേയറെ രംഗത്തിറക്കാന്‍ എംപിയുടെ രാജി

ലണ്ടന്‍: സര്‍ കീര്‍ സ്റ്റാര്‍മര്‍ക്കെതിരെ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിനെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള വിമതരുടെ ശ്രമങ്ങള്‍ ഏറെക്കുറെ ഫലം കാണുന്നു എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചില പ്രകോപനകരമായ വാട്ട്‌സ്അപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട് 2025 ഫെബ്രുവരിയില്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട, മുന്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ കൂടിയായ ആന്‍ഡ്രു ഗ്വിന്‍ എം പി സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങുന്നു എന്ന സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. അധികം താമസിയാതെ രാജി പ്രഖ്യാപനം ഉണ്ടായേക്കും എന്ന് തന്നെയാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളും നല്‍കുന്ന സൂചന.
അങ്ങനെയെങ്കില്‍, ഒഴിവുവരുന്ന ഗോര്‍ട്ടണ്‍ ആന്‍ഡ് ഡെന്റണ്‍ നിയോജകമണ്ഡലത്തില്‍ ആന്‍ഡി ബേണ്‍ഹാമിനെ നിര്‍ത്തി ജനപ്രതിനിധിസഭയില്‍ എത്തിക്കാനാണ് വിമതരുടെ ശ്രമം. 2001 മുതല്‍ 2007 വരെ ജനപ്രതിനിധി സഭയില്‍ അംഗമായിരുന്നു ബേണ്‍ഹാം. പിന്നീട് മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ ഒരു കടുത്ത വിമര്‍ശകനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. എന്നാല്‍, ഇതിന് ലേബര്‍ പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കേണ്ടതുണ്ട്.
സ്റ്റാര്‍മര്‍ അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി, തങ്ങളുടെ നേതാവിന് നാളെ പാരയായേക്കാവുന്ന ഒരു തീരുമാനം കൈക്കൊള്ളുമോ എന്നതില്‍ ഉറപ്പില്ല. മാത്രമല്ല, പൊതുവെ ഭരണകൂട വിരുദ്ധ വികാരം ശക്തമവുകയും, മറുപുറത്ത് നെയ്ജല്‍ ഫരാജിന്റെ റിഫോം യു കെ ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പ് വിജയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. എം പി ആയാല്‍ മാത്രമെ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയുള്ളു. ഏതായാലും ഇത്തരത്തില്‍ നടക്കുന്ന കിംവദന്തികളെ കുറിച്ചൊന്നും തനിക്ക് അറിവില്ല എന്നാണ് ബേണ്‍ഹാം പ്രതികരിച്ചത്.


