ലണ്ടന്‍: ബ്രിട്ടനിലെ വലതുപക്ഷ രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന നീക്കവുമായി റിഫോം യു കെ നേതാവ് നെയ്ജല്‍ ഫരാജ്. കൊഴിഞ്ഞു പൊക്ക് തുടരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും ഇപ്പോള്‍ മുന്‍ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവര്‍മാനെ അടര്‍ത്തിയെടുത്തുകൊണ്ടാണ് ഇപ്പോള്‍ ഫരാജ് ടോറികളെ ഞെട്ടിച്ചിരിക്കുന്നത്. പാര്‍ട്ടി സെന്‍ട്രിസ്റ്റുകളുടെ കൈയ്യില്‍ അകപ്പെട്ടു എന്നും, കെമി ബെയ്ഡ്‌നോക്ക് തന്നെ പാര്‍ട്ടിക്കുള്ളില്‍ പാര്‍ശ്വവത്ക്കരിച്ചു എന്നും ബ്രേവര്‍മാന്‍ ആരോപിക്കുന്നു.


കണ്‍സര്‍വേറ്റിസം പ്രകടനത്തില്‍ മാത്രമായി ഒതുക്കിയിരിക്കുകയാണ് തന്റെ മുന്‍ സഹപ്രവര്‍ത്തകര്‍ എന്നാണ് അവര്‍ ആരോപിക്കുന്നത്. പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ തന്റെ വലതുപക്ഷ അജണ്ടയ്ക്ക് ഒരു പിന്തുണയും ലഭിക്കുന്നില്ലെന്നും അവര്‍ പരാതിപ്പെട്ടു. 2024 ഒക്ടോബറില്‍ നടത്തിയ ഒരു മാധ്യമ സമ്മേളനത്തില്‍ താന്‍ ഒരിക്കലും നെയ്ജല്‍ ഫരാജിന്റെ പാര്‍ട്ടിയില്‍ ചേരുകയില്ല എന്ന് സുവെല്ല ബ്രേവര്‍മാന്‍ ഉറപ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.

ലണ്ടനില്‍ നടന്ന ഒരു വെറ്ററന്‍ റാലിയിലാണ് സുവെല്ല തന്റെ പാര്‍ട്ടിമാറ്റം പ്രഖ്യാപിച്ചത്. സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്ന പ്രതീതിയാണ് റിഫോം യു കെയില്‍ എത്തിയപ്പോള്‍ ലഭിച്ചതെന്നും അവര്‍ പറഞ്ഞു. നേരത്തേ ജി ബി ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തന്റെ സഹപ്രവര്‍ത്തകര്‍ തന്നെ റിഫോം യു കെയിലെക്ക് പറഞ്ഞുവിടില്ലെന്ന് പ്രത്യാശിക്കുന്നതായി അവര്‍ പറഞ്ഞിരുന്നു.

റിഫോം യു കെയില്‍ ചേര്‍ന്നതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ വളരെ കാലങ്ങളായി രാഷ്ട്രീയമായി ഒരു ഭവനരഹിതയായിരുന്നു എന്ന് അവര്‍ പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇടത്തോട്ട് ചെരിഞ്ഞ് ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ആയി മാറിയെന്നും അവര്‍ ആരോപിച്ചു. മുന്‍ മന്ത്രിസഭയില്‍ സുവെല്ല ബ്രേവര്‍മാന്റെ സഹപ്രവര്‍ത്തകനായിരുന്ന റോബര്‍ട്ട് ജെന്റിക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിട്ട്, റിഫോം യു കെയില്‍ എത്തി ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് സുവെല്ലയും എത്തുന്നത്. ഇത് ടോറികള്‍ക്ക് കനത്ത തിരിച്ചടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.