കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടത് സഖ്യത്തിന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജയം. പുറത്തുവന്ന കണക്കുകൾ അനുസരിച്ച് 225 ൽ 137 സീറ്റുകളും നേടിയിരിക്കുന്നത് ദിസനായകെയുടെ നാഷനല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) ആണ്. പ്രതിപക്ഷ സഖ്യമായ സമാഗി ജന ബാലവേഗയേക്കാൾ‌ (എസ്‌ജെബി) 62 ശതമാനം വോട്ടാണ് എന്‍പിപി നേടിയിരിക്കുന്നത്. സെപ്റ്റംബറിൽ നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷമാണ് പാർലമെന്റ് തിരഞ്ഞെടുപ്പിലെ മുന്നേറ്റം.

ലഭിക്കുന്ന വിവരങ്ങൾ പ്രകാരം വോട്ട് എണ്ണുന്ന ഭൂരിപക്ഷം സീറ്റുകളിലും എൻപിപി തന്നെയാണ് മുന്നിൽ. സജിത് പ്രേമദാസ നയിക്കുന്ന എസ്ബിജെ 35 സീറ്റാണ് നേടിയിരിക്കുന്നത്. തമിഴ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇളങ്കൈ തമിള്‍ അരസു കച്ഛി ആറു സീറ്റുകളും, ന്യൂ ഡെമോക്രാറ്റിക് ഫ്രണ്ട് മൂന്നു സീറ്റുകളും, ശ്രീലങ്കപൊതുജന പെരമുന രണ്ടു സീറ്റുകളും നേടി. അഴിമതി മൂലം നഷ്ടപ്പെട്ട സ്വത്തുക്കൾ വീണ്ടെടുക്കുമെന്ന വാഗ്ദാനവും, അഴിമതി വിരുദ്ധ നയങ്ങളുമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ ദിസനായകെയ്ക്ക് അനുകൂലമായതെന്നാണ് നിഗമനം.

വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ എന്‍പിപി ഏകദേശം 7 ദശലക്ഷം വോട്ടുകൾ നേടി എന്നാണ് മനസ്സിലാക്കേണ്ടത്. ന്യൂനപക്ഷങ്ങളിൽ നിന്ന് ഉൾപ്പെടെ ലഭിച്ച പിന്തുണ വിജയത്തിൽ നിർണായക പങ്ക് വഹിച്ചതായി സൂചിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ നടന്ന അതിശക്തമായ ജനകീയ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2024 സെപ്റ്റംബറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതും അനുര കുമാര ദിസനായകെ അധികാരത്തില്‍ എത്തിയതും. രാജ്യത്തിൻ്റെ സാമ്പത്തിക വെല്ലുവിളികളെ സജീവമായി നേരിടാൻ ദിസനായകെക്കായി.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ 2024 സെപ്റ്റംബര്‍ 24ന് ദിസനായകെ പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു. ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ടിന് പിരിച്ചുവിടപ്പെട്ട പാര്‍ലമെന്റില്‍ 145 സീറ്റുകളുണ്ടായിരുന്നു. എസ്ജെബിക്ക് 54 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഐടിഎകെയ്ക്ക് 10 സീറ്റുകളും ഉണ്ടായിരുന്നു. ദിസനായകയുടെ എന്‍പിപിക്ക് മൂന്നു സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്.