ലണ്ടന്‍: നൂറ്റി മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ബ്ലാക്ക്പൂള്‍ പ്ലെഷര്‍ ബീച്ച് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീം പാര്‍ക്കുകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ബിഗ് ഡിപ്പര്‍ ഉള്‍പ്പടെ ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള റോളര്‍കോസ്റ്ററുകള്‍ ഇവിടത്തെ പ്രധാന ആകര്‍ഷണവുമായിരുന്നു.എന്നാല്‍ ഇപ്പോള്‍ ചില റൈഡുകള്‍ നിര്‍ത്തലാക്കാന്‍ പോവുകയാനെന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചെന്നും ഇപ്പോള്‍ തീം പാര്‍ക്ക് ഉടമകള്‍ അറിയിച്ചിരിക്കുകയാണ്. നികുതിക്ക് മുന്‍പുള്ള നഷ്ടം 2.7 മില്യന്‍ പൗണ്ട് ആയതിനെ തുടര്‍ന്നാണിതെന്നും അവര്‍ പറയുന്നു.

അഞ്ച് ചെറിയ റൈഡുകള്‍ 2025 ലെ സീസണില്‍ നിര്‍ത്തലാക്കുമെന്ന് കഴിഞ്ഞ മാസം അറിയിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം മതിയായ സന്ദര്‍ശകരില്ലാത്തതാണ് നഷ്ടമുണ്ടാകാന്‍ കാരണമെന്ന് ലങ്കാഷയര്‍ തീരത്ത് 1896 മുതല്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിന്റെ ഉടമകള്‍ പറയുന്നു. നിര്‍ത്തലാക്കുന്ന റൈഡുകള്‍ ഒഴിച്ചുള്ളവയുടെ പ്രവര്‍ത്തന സമയം കുറയ്ക്കുമെന്നും ഉടമകള്‍ അറിയിച്ചിട്ടുണ്ട്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.

അടുത്ത മാസം മുതല്‍ മിനിമം വേതനം വര്‍ദ്ധിക്കുകയും നാഷണല്‍ ഇന്‍ഷുറന്‍സിന്റെ തൊഴിലുടമ വിഹിതത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്യുന്നതോടെ ചെലവ് ഇനിയും വര്‍ദ്ധിക്കും. അതുകൊണ്ടു തന്നെയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ഒരുങ്ങുന്നത്. 2024 മാര്‍ച്ചില്‍ അവസാനിക്കുന്ന 12 മാസക്കാലയളവില്‍ കമ്പനിക്ക് 32.1 മില്യന്‍ പൗണ്ട് ടേണ്‍ഓവര്‍ ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. തൊട്ട് മുന്‍പത്തെ വര്‍ഷം ഇത് 31.8 മില്യന്‍ ആയിരുന്നു. എന്നാല്‍, 2024 ലെ നഷ്ടം 2.7 മില്യന്‍ പൗണ്ട് ആണെന്ന് കമ്പനീസ് ഹൗസിലെ രേഖകള്‍ പറയുന്നു. തൊട്ട് മുന്‍പത്തെ വര്‍ഷം ഇത് 5,20,000 പൗണ്ട് ആയിരുന്നു.