പോര്‍ത്ത്(യുകെ): ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം ടര്‍ക്കിഷ് ബാര്‍ബര്‍ ഷോപ്പുകള്‍ സ്ഥിതിചെയ്യുന്ന പട്ടണത്തില്‍ മറ്റൊന്നു കൂടി തുറക്കാനുള്ള തീരുമാനത്തിനെതിരെ ജനരോഷം ഉയരുന്നു. റോണ്ഡ വാലിയിലെ പോര്‍ത്തില്‍ ഇപ്പോള്‍ തന്നെ 6000 ഓളം വരുന്ന പ്രദേശവാസികള്‍ക്കായി അഞ്ച് ടര്‍ക്കിഷ് ബാര്‍ബര്‍ ഷോപ്പുകള്‍ ഉണ്ട്. ഏഴ് പരമ്പരാഗത ഹെയര്‍ ഡ്രസ്സിംഗ് സലൂണുകള്‍ക്ക് പുറമെയാണിത്. ഇവയെല്ലാം സ്ഥിതി ചെയ്യുന്നത് വെറും ആറ് മിനിറ്റു കൊണ്ട് നടന്നാല്‍ എത്താവുന്ന വിധം രണ്ട് തെരുവുകളിലായാണ് എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.

ഇപ്പോള്‍ ഒരു കുര്‍ദ്ദിഷ് ബിസിനസുകാരനാണ് ആറാമതൊരു ടര്‍ക്കിഷ് ബാര്‍ബര്‍ഷോപ്പ് തുറക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, ബിസിനസ്സ് സമൂഹത്തില്‍ നിന്നും ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്. ഇപ്പോള്‍ തന്നെ 500 പേര്‍ക്ക് ഒരു ബാര്‍ബര്‍ഷോപ്പ് വീതമുണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനു പുറമെ തൊട്ടടുത്ത പട്ടണങ്ങളായ ബ്ലാക്ക്വുഡിലും ന്യൂബ്രിഡ്ജിലും കുര്‍ദ്ദിഷ് ബാര്‍ബര്‍ ഷോപ്പുകളുണ്ട്. പോര്‍ത്തില്‍ നിന്നും വെറും പത്ത് മൈല്‍ മാത്രമാണ് ഈ പട്ടണങ്ങളിലേക്കുള്ളത്.

ക്രിമിനലുകള്‍ ഈ രംഗത്തേക്ക് കടന്നു വന്ന് ടര്‍ക്കിഷ് ബാര്‍ബര്‍ ഷോപ്പുകളെ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധിയാക്കുന്നു എന്ന പോലീസ് മുന്നറിയിപ്പാണ് കൂടുതല്‍ ആശങ്ക ഉയരാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷം മാത്രം 750 പുതിയ ടര്‍ക്കിഷ് ബാര്‍ബര്‍ ഷോപ്പുകളാണ് ബ്രിട്ടനില്‍ തുറന്നത്. അവയില്‍ ചിലതെല്ലാം ക്രിമിനലുകള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധികള്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് ബാര്‍ബര്‍ ഷോപ്പുകളില്‍ നടന്ന റെയ്ഡുകളില്‍ 5 ലക്ഷത്തോളം പൗണ്ട് ക്യാഷ് ആയി സൂക്ഷിച്ച അനധികൃത പണം കണ്ടെത്തിയത്.