പ്രസവത്തിന് ശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞതേയുള്ളു. കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായി യാത്ര പോവുകയാണവര്‍. ഒറ്റക്കാണ് യാത്ര. ഡുബ്ലിനിലുള്ള വീട്ടില്‍ ഭര്‍ത്താവാണ് നവജാത ശിശുവിനെ നോക്കുന്നത്. ഡുബ്ലിന്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലോ യിലെ ഗവേഷകയായ അവര്‍ ഡച്ച് നഗരമായ എന്‍ഷീഡിലെ ഒരു യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ്. എന്നാല്‍, അതിര്‍ത്തി സേന അവരെ ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു.

അര്‍പ്പിത ചക്രവര്‍ത്തിയുടെ ഭര്‍ത്താവ് ഒരു സ്പാനിഷ് പൗരനാണ്.അവരുടെ മകള്‍ ജനിച്ചത് ഡുബ്ലിനില്‍ ആയതിനാല്‍ ഐറിഷ് പൗരത്വമാണുള്ളത്. യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന, 4 ഇ യു ഫാം എന്ന ഇമിഗ്രേഷന്‍ സ്റ്റാമ്പിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഇവിടെ ജീവിക്കുന്നത്. ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ എത്തി പാസ്സ്‌പോര്‍ട്ട് കാണിച്ച അവരുടേ ബോറ്ഡര്‍ ഫോഴ്സ് പറഞ്ഞത് ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്പോള്‍ മാത്രമാണ് 4 ഇ യു ഫാം സ്റ്റാമ്പിന് സാധുതയുള്ളു എന്നായിരുന്നു.

വിവാഹ സര്‍ട്ടിഫിക്കറ്റും, മകളുടെ ജനന സര്‍ട്ടിഫിക്കറ്റും കാണിച്ചിട്ടും ഫലമുണ്ടായില്ല. അവര്‍ അര്‍പിത ചക്രവര്‍ത്തിയോട് ആവശ്യപ്പെട്ടത് ഡുബ്ലിനിലേക്ക് തിരികെ പറക്കാനും യൂറോപ്യന്‍ യൂണിയന്‍പൗരനായ ഭര്‍ത്താവുമൊന്നിച്ച് അതിര്‍ത്തി കടക്കാനുമാണ്. അവസാനം അവര്‍ക്ക്, പരിപാടിയില്‍ പങ്കെടുക്കാതെ ഡുബ്ലിനിലേക്ക് തിരികെ പറക്കേണ്ടി വന്നു. ഇ യു പൗരന്മാരുടെ ഇ യു പൗരന്മാരല്ലാത്ത അടുത്ത കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന റെസിഡന്‍സ് കാര്‍ഡുകള്‍ അവര്‍ക്ക് വിസ ഇല്ലാതെ ഇ യു രാജ്യങ്ങളില്‍ സഞ്ചരിക്കാനുള്ള അവകാശം നല്‍കുന്നുണ്ട്.

അത്, കുടുംബാംഗമായ യൂറൊപ്യന്‍ യൂണിയന്‍ പൗരനോടൊപ്പമാണെങ്കിലും ഒറ്റക്കാണെങ്കിലും എന്ന് യൂറോപ്യന്‍ കമ്മീഷന്റെ വക്താവ് സ്ഥിരീകരിക്കുന്നു. എന്നിരുന്നാലും, വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളുമായി പല എയര്‍ലൈന്‍ കമ്പനികളും ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുമെല്ലാം ഇ യു പങ്കാളികളെ വിസയ്ക്കായി പണം ചെലവഴിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്. ചക്രവര്‍ത്തിയുടെ കാര്യത്തില്‍, നിയമം വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നെതര്‍ലന്‍ഡ്‌സിലെ സുരക്ഷ- നീതിന്യായ മന്ത്രാലയങ്ങള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

അര്‍പിത ചക്രവര്‍ത്തിയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ, ഇ യു ലോ ആന്‍ഡ് ഹുമന്‍ റൈറ്റ്‌സ് വിഭാഗത്തിലെ പ്രൊഫസര്‍ സ്റ്റീവ് പിയേഴ്സ് പറയുന്നു. 4 ഇ യു ഫാം സ്റ്റാമ്പുള്ളാര്‍ക്ക് യൂണിയനില്‍ സവതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശമുണ്ടെങ്കിലും,വിവിധ രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നിയമത്തെ വളച്ചൊടിച്ച് വ്യാഖ്യാനിച്ച് അതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും അദ്ദേഹം പറയുന്നു. നിയമം, അതിന്റെ അന്തസത്ത അനുസരിച്ച് പാലിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അതിന്റെ അംഗരാജ്യങ്ങളെ നിര്‍ബന്ധിതരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.