ലണ്ടന്‍: മുന്‍മന്ത്രിയും ലേബര്‍ പാര്‍ട്ടി എം പിയുമായ ടുളിപ് സിദ്ദിഖിനെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ്. ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് എം പിക്കെതിരെ അറസ്റ്റ് ചെയ്യുന്നതിനുള്ള റെഡ് നോട്ടീസ് ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്നത്. അഴിമതി കേസുകളില്‍ ടുളിപ് സിദ്ദിഖിയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു ബംഗ്ലാദേശ് കോടതിയായിരുന്നു ഇന്റര്‍പോളിനെ സമീപിച്ചത്. ബംഗ്ലാദേശില്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെതിരെ ഹാംപ്സ്റ്റഡ് ആന്‍ഡ് ഹൈഗെയ്റ്റ് എം പി പ്രതികരിക്കാത്തതിനാല്‍ ഇന്നലെയായിരുന്നു കോടതി ഔദ്യോദികമായ റെഡ് നോട്ടീസ് ഇന്റര്‍പോളിന് നല്‍കിയത്.

ഇതോടെ ബ്രിട്ടീഷ് ഭീകരര്‍, കൊലപാതകികള്‍, കുട്ടിപീഢകര്‍ എന്നിവര്‍ക്കൊപ്പം മുന്‍ ബ്രിട്ടീഷ് അഴിമതി വിരുദ്ധ വകുപ്പ് മന്ത്രിയും ഇന്റര്‍പോളിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ കയറിക്കൂടുന്നതിനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. ഒരു കുറ്റാരോപണത്തിന്റെ പേരിലോ, അല്ലെങ്കില്‍ മുടങ്ങിപ്പോയ നീതിനിര്‍വഹണ പ്രക്രിയയുടെ പേരിലോ ഒരു വ്യക്തിയെ താത്ക്കാലികമായി അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കുന്നതിന് അന്താരാഷ്ട്ര പോലീസിംഗ് സംവിധാനത്തിന് ഔദ്യോഗികമായി നല്‍കുന്ന അപേക്ഷയാണ് റെഡ് നോട്ടീസ്. ബംഗ്ലാദേശ് തലസ്ഥാനമായ ഡാക്കയിലെ സമ്പന്നര്‍ താമസിക്കുന്ന ഗുല്‍ഷന്‍ ഡിസ്ട്രിക്റ്റില്‍ അര്‍ഹതയില്ലാതെ ഒരു ഫ്‌ലാറ്റ് കരസ്ഥമാക്കി എന്നതാണ് ടുളിപ് സിദ്ദിഖിക്ക് മേല്‍ ആന്റി കറപ്ഷന്‍ കമ്മീഷന്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റം.

ഈ കെട്ടിടത്തിന്റെ ഉടമകളായ പ്രോപ്പര്‍ട്ടിക്ക് ടുളിപ് നല്‍കിയ ചില വഴിവിട്ട സേവനങ്ങള്‍ക്ക് പകരമായാണ് ഈ ഫ്‌ലാറ്റ് നല്‍കിയത് എന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം ടുളിപ് സിദ്ധിഖിയുടെ അസാന്നിദ്ധ്യത്തില്‍ നടന്ന കോടതി വിചാരണയില്‍ ഇവര്‍ക്ക് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും ടുളിപിന്റെ മാതൃ സഹോദരിയുമായ ഷെയ്ഖ് ഹസീനയുമൊത്ത് ചേര്‍ന്ന് അവരുടെ കുടുംബത്തിനായി അനര്‍ഹമായ രീതിയില്‍ ഭൂമി കൈവശപ്പെടുത്തി എന്ന കേസില്‍ ഇവരെ രണ്ട് വര്‍ഷത്തെ തടവിന് ഒരു ബംഗ്ലാദേശ് കോടതി ശിക്ഷിച്ചിരുന്നു.

പിന്നീട് മറ്റ് രണ്ട് അഴിമതി കേസുകളില്‍ കൂടി പ്രതിയാണെന്ന് കണ്ടെത്തിയ കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവര്‍ക്ക് മറ്റൊരു നാലുവര്‍ഷം തടവ് കൂടി വിധിച്ചിരുന്നു. എന്നാല്‍, 43 കാരിയായ ടുളിപ് സിദ്ദിഖി ഈ ആരോപണങ്ങള്‍ എല്ലാം തന്നെ പാടെ നിഷേധിക്കുകയാണ്. കെട്ടിച്ചമച്ച ഒരു വ്യാജാരോപണമാണിതെന്നാണ് അവരുടെ പക്ഷം. ആഫ്രിക്കയിലെ വിവിധ തീവ്രവാദ ആക്രമണങ്ങളിലായി 240 പേരെ കൊലപ്പെടുത്തിയ, വെള്ളക്കാരിയായ വിധവ എന്നറിയപ്പെടുന്ന സമന്ത ല്വെത്വെയ്റ്റ് ഉള്‍പ്പടെ 13 ബ്രിട്ടീഷുകാരാണ് നിലവിലെ ഇന്റര്‍പോളിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളത്.