- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹനിയെയെ കൊല്ലാന്‍ മൊസാദ് അയച്ചവരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജന്? തുര്‍ക്കി മാധ്യമങ്ങള്‍ക്ക് പിണഞ്ഞത് വന്‍ അമളി; വ്യാപക ട്രോളുകള്‍
ന്യൂഡല്‍ഹി: ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ വധത്തിന് പിന്നില്‍ ഇസ്രയേല്‍ ചാര ഏജന്‍സിയായ മൊസാദാണെന്ന വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്ത തുര്‍ക്കി മാധ്യമങ്ങള്‍ക്ക് പിണഞ്ഞത് വന്‍ അമളി. ഇന്ത്യയില്‍ വളരെ വ്യാപകമായി ഉപയോഗിക്കുന്ന പേരുകളിലൊന്നായതിനാല്‍ അമിത് നാകേഷ് ഇന്ത്യന്‍ വംശജനായ ഇസ്രയേല്‍ പൗരനാണെന്നുവരെ ഒരു തുര്‍ക്കി മാധ്യമമെഴുതി. കൊലപാതകി എന്ന് അര്‍ഥം വരുന്ന വാക്കിന് പകരം ഇന്ത്യന്‍ ബന്ധം തോന്നിക്കുന്ന പേര് തെറ്റായി മനസിലാക്കിയതാണ് തുര്‍ക്കി മാധ്യമങ്ങളെ കുഴിയില്‍ ചാടിച്ചത്.
ഹനിയെയെ കൊല്ലാന്‍ മൊസാദ് അയച്ചവരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജനാണെന്ന് ദ്യോതിപ്പിക്കുന്ന തരത്തിലായിരുന്നു പേരടക്കം പറഞ്ഞുള്ള റിപ്പോര്‍ട്ടുകള്‍. പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഹനിയെയെ തെഹ്റാനിലെ ഗസ്റ്റ്ഹൗസില്‍വെച്ചായിരുന്നു കൊലപ്പെടുത്തിയത്. ഇതിന് മൊസാദ് രണ്ട് ഇറാന്‍ ഏജന്റുമാരെ വിലയ്ക്കെടുത്തെന്ന് വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ ഇന്ത്യയില്‍ വേരുകളുള്ള അമിത് നാകേഷ് ആണെന്നായിരുന്നു തുര്‍ക്കിയിലെ ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്.
ഹനിയെ വധത്തിന് പിന്നില്‍ മൊസാദ് ആണെന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഇസ്രയേല്‍ അനുകൂലികള്‍ വ്യാപകമായി ട്രോളുകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതില്‍ കൊലപാതകി എന്ന് അര്‍ഥം വരുന്ന ഹമിത്നാകേഷ് (hamitnakesh) എന്ന ഹീബ്രു വാക്കും അത് വക്രീകരിച്ച് അമിത് നാകേഷ് എന്നുമായിരുന്നു ഇവര്‍ ഉപയോഗിച്ചത്. തെറ്റ് മനസിലാക്കിയ മാധ്യമങ്ങള്‍ പിന്നീട് തിരുത്തി. എങ്കിലും എക്സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ട്രോളുകള്‍ പ്രചരിക്കപ്പെടുന്നുണ്ട്.