ലണ്ടന്‍: സര്‍ക്കാരിന്റെ വണ്‍ ഇന്‍ വണ്‍ ഔട്ട് പദ്ധതി പാളം തെറ്റിയതോടെ അതിനു കാരണം അഭയാര്‍ത്ഥികള്‍ അവസാന നിമിഷം നടത്തുന്ന നിയമനടപടികളാണെന്ന ആരോപണവുമായി ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് രംഗത്തെത്തി. അവര്‍ തങ്ങളുടെ നിയമ സംവിധാനങ്ങളെ പരിഹരിക്കുകയാണെന്നും മഹ്‌മൂദ് ആരോപിച്ചു. ആധുനിക അടിമത്തത്തിന്റെ ഇരകളെന്ന അവകാശവാദം മുഴക്കിയാണ് അഭയാര്‍ത്ഥികളില്‍ പലരും നാടുകടത്തല്‍ തടയാന്‍ ശ്രമിക്കുന്നത്. നിയമ നടപടികള്‍, നാടുകടത്തലിനെ എങ്ങനെ തടയുന്നു എന്നതു സംബന്ധിച്ച് ഒരു ലേബര്‍ മന്ത്രി നടത്തുന്ന ഏറ്റവും ശക്തമായ പ്രതികരണമാണിത്.

അഭയാര്‍ത്ഥികളെ തിരികെ അയയ്ക്കുന്നതിന് ഫ്രാന്‍സുമായി ഉണ്ടാക്കിയ വണ്‍ ഇന്‍ വണ്‍ ഔട്ട് കരാര്‍ നിയമപരമായ വെല്ലുവിളികള്‍ നേരിടുമെന്ന് കഴിഞ്ഞ ദിവസം ഷാഡോ ഹോം സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ജൂലായില്‍ ഈ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ മനുഷ്യാവകാശ നിയമങ്ങളും, ആധുനിക അടിമത്ത നിയമങ്ങളും ഇതിന്റെ സുഗകരമായ നടത്തിപ്പിന് തടസ്സമായേക്കും എന്ന് സര്‍ക്കാരിന് നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചതുമാണ്. ഇത് സത്യമാണെന്ന് തെളിയിക്കുന്ന വിധത്തിലായിരുന്നു ഒരു എരിത്രിയന്‍ പൗരനെ നാടുകടത്തുന്നത് കോടതി കഴിഞ്ഞ ദിവസം 14 ദിവസത്തേക്ക് തടഞ്ഞത്. ലിബിയയില്‍ തനിക്ക് ചൂഷണം നേരിടേണ്ടി വന്നു എന്നായിരുന്നു അയാള്‍ വാദം ഉയര്‍ത്തിയത്.

ഇപ്പോള്‍ കോടതി നല്‍കിയ 14 ദിവസത്തെ സ്റ്റേ ഉത്തരവിനെതിരെ അപ്പീലിന് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. സ്റ്റേയുടെ കാലദൈര്‍ഘ്യം കുറയ്ക്കാനാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ശ്രമിക്കുന്നത്. എത്രയും വേഗം ഇയാളെ നാടുകടത്തുന്നതിനായിട്ടാണ് ഇത്. അതിനോടൊപ്പം ആധുനിക അടിമത്ത നിയമത്തെ കുറിച്ച് വിലയിരുത്തുന്നതിനും, അതിന്റെ ദുരുപയോഗങ്ങള്‍ വിശദമായി മനസ്സിലാക്കുന്നതിനുമായി ഹോം സെക്രട്ടറി ഒരു അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ചില സ്രോതസ്സുകളെ ഉദ്ധരിച്ചു കൊണ്ട് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.