ലണ്ടന്‍: തലസ്ഥാനത്ത് ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ കുറഞ്ഞു വരുമ്പോള്‍ റിഫോം യൂ കെ ജനപ്രീതിയുടെ കാര്യത്തില്‍ കുതിപ്പ് തുടരുകയാണ്. സവന്ത നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ നെയ്ജല്‍ ഫരാജിന്റെ പാര്‍ട്ടിക്ക് ലഭിച്ചത് 23 ശതമാനം പിന്തുണയാണ്. ജൂണില്‍ ഇത് 15 ശതമാനമായിരുന്നു. ഇതോടെ ലണ്ടനില്‍ റിഫോം യു കെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേക്കാള്‍ മുന്നിലെത്തി.


ടോറികളുടെ ജനപിന്തുണ ഒരു ശതമാനം ഇടിഞ്ഞ് 20 ശതമാനത്തില്‍ എത്തിയിരുന്നു. ലിബറല്‍ ഡെമൊക്രാറ്റുകള്‍ക്ക് 11 ശതമാനം പിന്തുണയും ഗ്രീന്‍സിന് 10 ശതമാനം പിന്തുണയുമാണ് ലഭിച്ചത്. ഇരു കക്ഷികളുടെയും ജനപിന്തുണയില്‍ ജൂണിലേതിനെ അപേക്ഷിച്ച് കാര്യമായ കുറവുണ്ടായിട്ടുണ്ട്.

സവന്തയുടെ അഭിപ്രായ സര്‍വ്വേകളില്‍, ഇതുവരെ ലഭിച്ചതില്‍ ഏറ്റവും കുറവ് ജനപിന്തുണയാണ് ലഭിച്ചതെങ്കിലും 32 ശതമാനം പേരുടെ പിന്തുണയോടെ ലണ്ടന്‍ നഗരത്തില്‍ ലേബര്‍ പാര്‍ട്ടി തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍, 2024 ജൂലായിലെ പൊതുതെരഞ്ഞെടുപ്പ് സമയത്ത് ഇവര്‍ക്ക് ലണ്ടനില്‍ ലഭിച്ച പിന്തുണ 43 ശതമാനമായിരുന്നു. ഇന്ന് ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് പുതിയ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഈ ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ പിന്തുണയിലും ഇടിവുണ്ടായിട്ടുണ്ട്.