റെയ്ക്യവിക്: ഐസ്ലാന്‍ഡില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് നിരവധി പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ഒഴിപ്പിച്ചു. ഏകദേശം അര മൈല്‍ നീളത്തിലുള്ള വിടവാണ് ഉണ്ടായിരിക്കുന്നതെന്ന് ഐസ്ലാന്‍ഡ് മെറ്റിരിയോളജിക്കല്‍ ഓഫീസ് അറിയിച്ചു. മഞ്ഞകലര്‍ന്ന ഓറഞ്ച് നിറത്തിലുള്ള ലാവ പുറത്തേക്കൊഴുകുന്നതിന്റെയും കറുത്ത പുക ഉയരുന്നതിന്റെയുമൊക്കെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അര മൈലോളം നീളത്തിലുള്ള വിടവാണ് ഉണ്ടായിരിക്കുന്നതെന്ന് മെറ്റിരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് താരതമ്യേന ചെറിയ സ്‌ഫോടനമാണെന്നും ഇതുവരെ ഏതെങ്കിലും വിധത്തിലുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും അധികൃതര്‍ പറഞ്ഞു.

തലസ്ഥാനമായ റെയ്ക്ജാവിക്കിലെ വിമാനത്തവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ ഒന്നും തന്നെ തടസ്സപ്പെട്ടിട്ടില്ലെന്ന് വിമാനത്താവളത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. അതേസമയം, ആഡംബര ജിയോതെര്‍മല്‍ സ്പാ റിസോര്‍ട്ട് ആയ ബ്ലൂ ലഗൂണീല്‍ നിന്നും, സമീപത്തുള്ള ഗ്രിന്‍ഡാവിക് പട്ടണത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതായി ദേശീയ മാധ്യമമായ ആര്‍ യു വി റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ലെ ഒഴിപ്പിക്കല്‍ ഉത്തരവിന് മുന്‍പായി 4000 ഓളം പേര്‍ താമസിച്ചിരുന്ന ഈ പട്ടണം കൂടെക്കൂടെയുള്ള അഗ്‌നിപര്‍വ്വത സ്‌ഫോടന ഭീഷണി കാരണം ഇപ്പോള്‍ ഏറെക്കുറെ ശൂന്യമായിരിക്കുകയാണ്.

ഇപ്പോള്‍ നടന്ന സ്‌ഫോടനം റെയ്ക്ജാവിക്കിലെ ജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. വളരെ കൂടിയ അളവിലുള്ള ചാരം സ്ട്രാറ്റോസ്ഫിയറിലേക്ക് പുറം തള്ളാത്തതിനാല്‍ വ്യോമഗതാഗതവും തടസ്സപ്പെടില്ല എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 2021 ന് ശേഷം നിരവധി അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍ ഈ വടക്കേ അറ്റ്‌ലാന്റിക് രാജ്യത്ത് നടന്നിട്ടുണ്ട്.