ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ എലി വര്‍ഗമായ 'കാപ്പിബാര' ലണ്ടനിലെ ഹാംഷെയറിലുള്ള വിഞ്ചസ്റ്റര്‍ മാര്‍വെല്‍ സൂവില്‍ നിന്ന് ചാടിപ്പോയി. 'സാമ്പ' എന്ന് പേരുള്ള ഒന്‍പത് മാസം പ്രായമുള്ള പെണ്‍ കാപ്പിബാരയാണ് ചാടിപ്പോയത്. ഇക്കഴിഞ്ഞ സെന്റ് പാട്രിക് ദിനത്തിലാണ് സാമ്പയും പങ്കാളിയായ ടാംഗോയും മൃഗശാലയിലെ താല്‍ക്കാലിക വേലി തകര്‍ത്ത് പുറത്തുകടന്നത്. ടാംഗോയെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് ഉടന്‍ തന്നെ പിടികൂടാനായെങ്കിലും സാമ്പ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു. സാമ്പയെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഇപ്പോള്‍ അധികൃതര്‍.

സൗത്ത് അമേരിക്കന്‍ സ്വദേശിയായ കാപ്പിബാരകള്‍ക്ക് 80 കിലോ വരെ ഭാരവും അഞ്ചര അടിയോളം നീളവും ഉണ്ടാകും. വെള്ളത്തില്‍ നീന്തിത്തുടിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവ അപകടകാരികളല്ലെങ്കിലും പിടികൂടാന്‍ ശ്രമിച്ചാല്‍ ഭയന്ന് ഓടാന്‍ സാധ്യതയുണ്ടെന്ന് മൃഗശാലാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അവസാനമായി സമീപത്തെ ഒരു പബ്ബിന് പരിസരത്താണ് സാമ്പയെ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു.

രാത്രികാലങ്ങളില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും തോട്ടങ്ങളിലും കുളങ്ങളിലും ഇവ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സാമ്പയെ കാണുന്നവര്‍ ഉടന്‍ അറിയിക്കാന്‍ 24 മണിക്കൂര്‍ ഹോട്ട്‌ലൈന്‍ നമ്പറും (07436 167401) മൃഗശാല അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്