- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡേറ്റിംഗ് അല്ലെങ്കിൽ ഡംപിംഗ്'; മുൻ കാമുകിക്ക് വാലന്‍റൈൻസ് ദിന സമ്മാനമായി ആന പിണ്ഡം ഇടുന്ന വീഡിയോ നൽകാം; അവസരമൊരുക്കി മൃഗശാല; സമാഹരിക്കുന്ന പണം മൃഗശാലയിലെ ജീവികളുടെ പരിപാലനത്തിനായി
ടെന്നസി: മുൻ കാമുകീ കാമുകന്മാർക്ക് പണികൊടുക്കാൻ ആഗ്രഹിക്കുന്നവർക്കായി അവസരമൊരുക്കി ഒരു മൃഗശാല. ഒരു വിചിത്രമായ പ്രണയ ദിന സർപ്രൈസാണ് മൃഗശാല ഒരുക്കിയിരിക്കുന്നത്. ഒരു നിശ്ചിത തുക നൽകിയാൽ ആന പിണ്ഡം ഇടുന്ന വീഡിയോ മുൻ കാമുകനോ കാമുകിക്കോ അയച്ചു കൊടുക്കാമെന്നതാണ് മൃഗശാലയുടെ ഓഫർ. അമേരിക്കയിലെ ടെന്നസിയിലുള്ള മെംഫിസ് മൃഗശാലയാണ് വേറിട്ട ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.
വീഡിയോ ലഭിക്കുന്നതിന് പത്ത് ഡോളറാണ് നൽകേണ്ടത്. ഈ പണം നൽകിയാൽ മൃഗശാല ആവശ്യക്കാർക്ക് രണ്ട് വീഡിയോകൾ നൽകും. 'ഡേറ്റിംഗ് അല്ലെങ്കിൽ ഡംപിംഗ്' ഓഫർ എന്ന പേരിലാണ് ഇത്തരത്തിൽ ഒരു വാലന്‍റൈൻസ് ദിന സ്പെഷ്യൽ മൃഗശാല അവതരിപ്പിക്കുന്നത്. ഒന്ന് മുന്തിരിപ്പഴം തിന്നുന്ന ചുവന്ന പാണ്ടയുടെയും രണ്ടാമത്തേത് പിണ്ഡമിടുന്ന ആനയുടെതും. മുന്തിരിപ്പഴം തിന്നുന്ന ചുവന്ന പാണ്ടയുടെ വീഡിയോ ഇപ്പോൾ പ്രണയിച്ചു കൊണ്ടിരിക്കുന്നവർക്കായുള്ളതാണ്. പിണ്ഡമിടുന്ന ആനയുടെ വീഡിയോ മുമ്പ് പ്രണയിച്ചിട്ടുള്ളവർക്കും ഉള്ളതാണെന്നാണ് മൃഗശാല അധികൃതർ പറയുന്നത്.
മൃഗശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത് പ്രകാരം ഈ വാലന്‍റൈൻസ് ദിന സമ്മാനം സ്വന്തമാക്കാനുള്ള അവസാന തീയതി ഫെബ്രുവരി 12 ആണ്. ഈ സംരംഭത്തിലൂടെ സമാഹരിക്കുന്ന പണം മൃഗശാലയിലെ ജീവികളുടെ പരിപാലനത്തിനായാണ് ഉപയോഗിക്കുകയെന്നും സൈറ്റിൽ പറയുന്നു. വീഡിയോ സ്വന്തമാക്കുന്നവരുടെ പേര് വിവരങ്ങൾ മൃഗശാലധികൃതർ സ്വകാര്യമായി സൂക്ഷിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. എന്തുതന്നെയായാലും മെംഫിസ് മൃഗശാലയുടെ വേറിട്ട പ്രണയദിന സർപ്രൈസ് സമൂഹ മാധ്യമ ഉപയോക്താക്കളിൽ വലിയ കൗതുകമാണ് സൃഷ്ടിച്ചിരിക്കുന്നത്.