കീവ്: യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി തടവുകാരെ പരസ്പരം കൈമാറണമെന്ന നിര്‍ദേശം മുന്നോട്ട് വച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്‌കി. ഉക്രൈയിനിലുള്ള റഷ്യന്‍ തടവുകാരെ വിട്ടയക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും റഷ്യയും സമാനരീതിയില്‍ തടവുകാരെ വിട്ടയക്കണമെന്നും സെലെന്‍സ്‌കി അറിയിച്ചു.

റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കീവില്‍ നടന്ന ഉന്നതതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സെലെന്‍സ്‌കി. ഈ വര്‍ഷം സത്യമായ, ഏറെക്കാലം നീണ്ടുനില്‍ക്കുന്ന സമാധാനത്തിന്റെ ശരിയായ തുടക്കമായിരിക്കണമെന്നും സെലെന്‍സ്‌കി പറഞ്ഞു.

2024 ഒക്ടോബറില്‍ റഷ്യയും ഉക്രൈയിനും 95തടവുകാരെ പരസ്പരം കൈമാറിയിരുന്നു. അന്ന് യുഎഇയായിരുന്നു തടവുകാരെ വിട്ടയക്കുന്നതില്‍ മധ്യസ്ഥത വഹിച്ചത്. സെപ്റ്റംബറില്‍ 103 തടവുകാരേയും രണ്ട് രാജ്യങ്ങളും തടവുകാരെ വിട്ടയച്ചിരുന്നു.